ആലപ്പുഴ: താത്കാലിക നിയമനംകിട്ടി സ്ഥിരപ്പെടുന്ന സ്വീപ്പർമാർക്കും യോഗ്യതയുണ്ടെങ്കിൽ അധ്യാപകരാകാം. തസ്തികമാറ്റം നടത്താൻ ചട്ടങ്ങളിൽ മാറ്റംവരുത്തി സർക്കാർ ഉത്തരവിറക്കി. ഇതോടെ പി.എസ്.സി.വഴി നിയമനം നേടിയവർക്കു കിട്ടുന്ന ആനുകൂല്യം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചു വഴി നിയമനം കിട്ടിയവർക്കും ലഭ്യമായി.

അഞ്ചുവർഷം സർവീസും ടി.ടി.സി.യുമുള്ള ക്ലാർക്ക്, ടൈപ്പിസ്റ്റ്, അറ്റൻഡർ, പ്യൂൺ എന്നീവിഭാഗം ജീവനക്കാർക്ക് എൽ.പി.സ്കൂൾ അസിസ്റ്റന്റ് തസ്തികയിലേക്കു അപേക്ഷിക്കാം. ടി.ടി.സി.യും ബി.എഡും അഞ്ചുവർഷം സർവീസുമുള്ളവർക്ക് യു.പി.സ്കൂൾ അസിസ്റ്റന്റ് തസ്തികയിലേക്കും അപേക്ഷിക്കാം. പി.എസ്.സി.മുഖാന്തരം തസ്തികമാറ്റം വഴിയുള്ള നിയമനത്തിനാണു ഇവർ അർഹരാകുന്നത്.

ആകെ ഒഴിവിന്റെ അഞ്ചുശതമാനമാണ്‌ ഇത്തരക്കാർക്കു നീക്കിവെച്ചിട്ടുള്ളത്.

ക്ലാർക്ക്, ടൈപ്പിസ്റ്റ്, അറ്റൻഡർ, പ്യൂൺ എന്നീ തസ്തികയിലേക്കു പി.എസ്.സി.വഴിയാണു നിയമനം. എന്നാൽ, സ്വീപ്പർമാരെ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുവഴിയാണു നിയമിക്കുക. വർഷങ്ങളുടെ സേവനത്തിനുശേഷം ഇവർ ഫുൾടൈം സ്വീപ്പർ തസ്തികയിൽ സ്ഥിരപ്പെടാറുണ്ട്. ഇവരിൽ അധികയോഗ്യത നേടുന്നവരെയാണു തസ്തികമാറ്റംവഴിയുള്ള നിയമനത്തിനു പരിഗണിക്കുക.