തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി (ഡിജിറ്റൽ യൂണിവേഴ്‌സിറ്റി) ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനംചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷതവഹിച്ചു. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാലയാണിത്. മംഗലപുരം ടെക്‌നോസിറ്റിയിലാണ് കേന്ദ്രം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെൻറ്് കേരളം (ഐ.ഐ.ഐ.ടി.എം.കെ.) നവീകരിച്ചാണ് ഡിജിറ്റൽ സർവകലാശാല രൂപവത്‌കരിച്ചത്.

പുതിയ സാങ്കേതിക വിദ്യകളെയും മാറ്റങ്ങളെയും ഉൾക്കൊള്ളാനുള്ള സംസ്ഥാനത്തിന്റെ ദൃഢനിശ്ചയമാണ് ഡിജിറ്റൽ സർവകലാശാലയുടെ രൂപവത്‌കരണത്തിലൂടെ വെളിവാകുന്നതെന്ന് ഗവർണർ പറഞ്ഞു. രാജ്യത്ത് ആദ്യത്തെ ഡിജിറ്റൽ സർവകലാശാല ആരംഭിക്കുന്നത് ചെറുപ്പക്കാരുടെ ഭാവി ഉദ്ദേശിച്ചുള്ള പ്രധാന ചുവടുവെയ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി ഡോ. കെ.ടി. ജലീൽ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, അടൂർ പ്രകാശ് എം.പി., ഐ.ഐ.ഐ.ടി.എം.കെ. ഡയറക്ടർ ബോർഡ് ചെയർമാൻ മാധവൻ നമ്പ്യാർ, ഹരിപ്രസാദ്, സുമ വി., എം. ജലീൽ, ഷഹീൻ. എം.എ., ഖുറൈഷബീവി ഡിജിറ്റൽ സർവകലാശാലാ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, ഐ.ഐ.ഐ.ടി.എം.കെ. ഡയറക്ടർ ഡോ. എലിസബത്ത് ഷെർലി എന്നിവർ സംസാരിച്ചു.