അങ്ങാടിപ്പുറം: വള്ളുവനാടൻ സാംസ്കാരികവേദി അങ്ങാടിപ്പുറം സർവീസ് സഹകരണബാങ്കിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ നന്തനാർ സാഹിത്യ പുരസ്കാരത്തിന് എഴുത്തുകാരായ യു.കെ. കുമാരനും ടി.കെ. ശങ്കരനാരായണനും അർഹരായി. ബാലസാഹിത്യ കൃതിക്കാണ് ഇത്തവണ പുരസ്കാരം.

യു.കെ. കുമാരന്റെ ’കഥ പറയുന്ന കണാരൻകുട്ടി’ എന്ന കൃതിക്കും ടി.കെ. ശങ്കരനാരായണന്റെ ’കിച്ചുവിന്റെ ഉപനയനം’ എന്ന കൃതിക്കുമാണ് പുരസ്കാരം . പുരസ്കാരത്തുകയായ പതിനയ്യായിരംരൂപ ഇരുവർക്കും തുല്യമായി വീതിക്കും. ഡോ. പി. ഗീത, ഡോ. എൻ.പി. വിജയകൃഷ്ണൻ, പി.എസ്. വിജയകുമാർ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് പ്രഖ്യാപിച്ചത്. മേയ് 23-ന് തരകൻ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.