കൊച്ചി: ലോകായുക്ത റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള കെ.ടി. ജലീലിന്റെ ഹർജി തള്ളി കോടതി നടത്തിയിരിക്കുന്നത് സുപ്രധാന നിരീക്ഷണങ്ങൾ. പൊതുസേവകരുടെ പ്രവൃത്തിയും വീഴ്ചയും പരിശോധിക്കാനുള്ള പവിത്രമായ ചുമതലകൾ ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കുമുണ്ടെന്നാണ് കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി മുതൽ പഞ്ചായത്തംഗംവരെ ലോകായുക്ത ആക്ടിന്റെ പരിധിയിൽവരും.

സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആയിരുന്നവരെയാണ് ലോകായുക്തയായി നിയമിക്കുന്നത്. ഉപലോകായുക്തയായി ഹൈക്കോടതി ജഡ്ജിയായിരുന്നവരെയും. സ്പീക്കർ, പ്രതിപക്ഷനേതാവ് എന്നിവരുമായി ആലോചിച്ച് മുഖ്യമന്ത്രിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ലോകായുക്തയുടെ നിയമനം.

ലോകായുക്തയുടെ തീരുമാനം അന്തിമമായിരിക്കണമെന്ന് ഉറപ്പാക്കുകയായിരുന്നു ഇതിലൂടെ നിയമനിർമാണം നടത്തിയവർ ലക്ഷ്യമിട്ടത്. ലോകായുക്തയുടെ തീരുമാനത്തിനു പുറത്ത് അപ്പീൽ ഇല്ലെന്നതും ഇത് വ്യക്തമാക്കുന്നു. ലോകായുക്തയുടെ തീരുമാനം ഹൈക്കോടതിയിൽ ചോദ്യംചെയ്യാനാകും. പക്ഷേ, ഇക്കാര്യത്തിൽ പരിശോധിക്കേണ്ടത് നിയമപരമായ അധികാരപരിധിക്കുള്ളിൽനിന്നാണോ ലോകായുക്ത പ്രവർത്തിച്ചതെന്നു മാത്രമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

ശക്തമായ മാധ്യമ ജാഗ്രതയുണ്ടായിട്ടും സ്വകാര്യനേട്ടത്തിനായി പൊതുപദവികളും പൊതുമുതലും ദുരുപയോഗം ചെയ്യുന്നത് കേരളത്തിൽ അനിയന്ത്രിതമാണ്. ഇത് അഴിമതിയാണ്. ഭരണാധികാരികൾക്കുമേലുള്ള നിയന്ത്രണം കുറയുമ്പോൾ ഇതിനുള്ള സാധ്യതയും കൂടും.

ഇത്തരം കാര്യങ്ങളിൽ പരിശോധിക്കാനുള്ള അതോറിറ്റി രൂപവത്കരിക്കാനാണ് ലോകായുക്ത ആക്ടിന് രൂപംനൽകുന്നത്. 1987-ലെ കേരള പബ്ലിക് മെൻസ് കറപ്ഷൻ ആക്ട് പര്യാപ്തമല്ലെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് ലോകായുക്ത ആക്ട് നടപ്പാക്കിയതെന്നും കോടതി അഭിപ്രായപ്പെട്ടു.