മല്ലപ്പള്ളി: (പത്തനംതിട്ട) കോട്ടാങ്ങൽ ഗ്രാമപ്പഞ്ചായത്തിൽ എസ്.ഡി.പി.ഐ. പിന്തുണയോടെ സി.പി.എം. അധികാരം നേടി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ബിനു ജോസഫ് പ്രസിഡന്റായും ജമീലാബീവി വൈസ് പ്രസിഡന്റായും വിജയിച്ചു. ഇതേ പദവികളിലേക്ക് ഡിസംബർ 30, ഫെബ്രുവരി 15 തീയതികളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിന്റെ ഇതേ സ്ഥാനാർഥികൾ തന്നെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്നും എസ്.ഡി.പി.ഐ. പിന്തുണച്ചിരുന്നു.
എന്നാൽ, എസ്.ഡി.പി.ഐ. പിന്തുണ സ്വീകരിക്കില്ലെന്ന വാദവുമായി സത്യപ്രതിജ്ഞ ചെയ്തശേഷം ഇവർ രാജിവയ്ക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നാം വട്ടവും തിരഞ്ഞെടുപ്പ് നടന്നത്. ബിനു ജോസഫും ബി.ജെ.പി.യിലെ ദീപ്തി ദാമോദരനുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. എസ്.ഡി.പി.ഐ. അംഗം ജസീല സിറാജിന്റെ അടക്കം ബിനു ജോസഫിന് ആറ് വോട്ടുകൾ കിട്ടി. ദീപ്തി ദാമോദരന് അഞ്ച് വോട്ട് ലഭിച്ചു. യു.ഡി.എഫിലെ കോൺഗ്രസ്, കേരള കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. തുർന്ന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ എം.എ. ജമീലാ ബീവിക്ക് എസ്.ഡി.പി.ഐ. യുടെ പിന്തുണയോടെ ആറ് വോട്ടുകളും ബി.ജെ.പി.യിലെ സി.ആർ.വിജയമ്മയ്ക്ക് അഞ്ച് വോട്ടുകളും ലഭിച്ചു. യു.ഡി.എഫ്. അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന് വീണ്ടും വിട്ടുനിന്നു. മല്ലപ്പള്ളി സബ് രജിസ്ട്രാർ ജഗദീഷ് കുമാർ വരണാധികാരിയായിരുന്നു. പതിമൂന്നംഗ ഭരണസമിതിയിൽ ബി.ജെ.പി.-അഞ്ച്, എൽ.ഡി.എഫ്.-അഞ്ച് (സി.പി.എം.-നാല്, സി.പി.ഐ.-ഒന്ന്) യു.ഡി.എഫ്.-രണ്ട് (കോൺഗ്രസ്-ഒന്ന്, കേരള കോൺഗ്രസ് ജോസഫ്-ഒന്ന്), എസ്.ഡി.പി.ഐ.-ഒന്ന് എന്ന ക്രമത്തിലാണ് വിവിധ പാർട്ടികളുടെ പ്രാതിനിധ്യം.



