തിരുവനന്തപുരം: കനറാബാങ്ക് കണ്ണൂർ കൂത്തുപറമ്പ് തൊക്കിലങ്ങാടി ബ്രാഞ്ച് മാനേജരായിരുന്ന കെ.എസ്. സ്വപ്ന മാനസികസമ്മർദത്താൽ ബാങ്കിൽ ആത്മഹത്യചെയ്ത സംഭവത്തിൽ മാനേജ്മെന്റിനെതിരേ അന്വേഷണത്തിന് വനിതാകമ്മിഷൻ സംസ്ഥാനസർക്കാരിന് ശുപാർശചെയ്തു. ഇതുസംബന്ധിച്ച കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സംഭവത്തിൽ മാനേജ്മെന്റിനെതിരേ അന്വേഷണംനടത്തി കുറ്റക്കാർക്കെതിരേ നടപടിസ്വീകരിക്കണമെന്നാണ് ശുപാർശ.

തൃശ്ശൂർ സ്വദേശിനിയായ സ്വപ്നയെ, ജില്ലയിൽ നിരവധി ശാഖകളുണ്ടായിട്ടും തൊക്കിലങ്ങാടി ശാഖയിലേക്ക് സ്ഥലംമാറ്റിയ നടപടി മനുഷ്യത്വരഹിതമാണെന്ന് കമ്മിഷൻ പറഞ്ഞു. ഭർത്താവ് മരിച്ച, വിദ്യാർഥികളായ രണ്ടുകുട്ടികളുടെ അമ്മയായ അവർക്ക് തൃശ്ശൂരിൽ ഒഴിവുണ്ടായിട്ടും നിയമനം നൽകിയില്ലെന്നും കമ്മിഷൻ കുറ്റപ്പെടുത്തി.

ബാങ്കിങ് ഉൾപ്പെടെയുള്ള തൊഴിൽമേഖലയിലെ മാനസികസമ്മർദം അനിയന്ത്രിതമാകാതിരിക്കാൻ ആഭ്യന്തര പരാതിപരിഹാര സമിതിയുടെ മാതൃകയിൽ സമിതിയുണ്ടാക്കാൻ നിയമനിർമാണത്തിന് സർക്കാർ ഇടപെടണമെന്നും കമ്മിഷൻ ശുപാർശചെയ്തു.

കനറാ ബാങ്ക് മാനേജ്മെന്റ് ലോ ഓഫീസറായിരുന്ന പ്രിയംവദയെ പിരിച്ചുവിട്ട നടപടിയും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. മനുഷ്യത്വമുള്ള മാനേജ്മെന്റാണെങ്കിൽ തൊഴിലാളികൾക്ക് ആവശ്യമായ കാര്യങ്ങളിൽ താങ്ങും തണലുമായി നിൽക്കാൻ തയ്യാറാകണം. അതില്ലെന്നുള്ളതിന് തെളിവാണ് നിസ്സഹായാവസ്ഥയിലായ സ്വപ്നയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതും പ്രിയംവദയുടെ നിയമപോരാട്ടവുമെന്ന് കമ്മിഷൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ പറഞ്ഞു.