ചെങ്ങന്നൂർ: തിരുവൻവണ്ടൂരിൽ മൂന്നാംതവണയും യു.ഡി.എഫ്. പിന്തുണയോടെ എൽ.ഡി.എഫിന് പ്രസിഡന്റ് സ്ഥാനം. എൽ.ഡി.എഫിലെ ബിന്ദു കുരുവിളയെ പ്രസിഡന്റായും ബീനാ ബിജുവിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. സ്വതന്ത്രനായി ജയിച്ച പി.വി. സജൻ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

ആദ്യ രണ്ടുതവണയും യു.ഡി.എഫിന്റെ പിന്തുണയോടെ എൽ.ഡി.എഫ്. വിജയിച്ചെങ്കിലും പിന്നീട് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയായിരുന്നു.

ആർക്കും കേവലഭൂരിപക്ഷമില്ലാത്ത തിരുവൻവണ്ടൂരിൽ ഏറ്റവുംവലിയ ഒറ്റകക്ഷി ബി.ജെ.പി.യാണ്. ചൊവ്വാഴ്ച രാവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിയായി സജു ഇടക്കല്ലിലും എൽ.ഡി.എഫ്. സ്ഥാനാർഥിയായി ബിന്ദു കുരുവിളയും യു.ഡി.എഫ്. സ്ഥാനാർഥിയായി സജീവ് വള്ളിയിലും മത്സരിച്ചു.

ഒന്നാം റൗണ്ടിൽ ബി.ജെ.പി.- 5, എൽ.ഡി.എഫ്. -4, യു.ഡി.എഫ്. -3 എന്നിങ്ങനെ വോട്ടുനേടി. തുടർന്ന് മത്സരത്തിൽനിന്ന് യു.ഡി.എഫ്. പുറത്തായി. രണ്ടാം റൗണ്ട് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. അംഗങ്ങൾ എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് വോട്ടുചെയ്തു. എൽ.ഡി.എഫിന് ആറും ബി.ജെ.പി.ക്ക് അഞ്ചും വോട്ടുകൾ ലഭിച്ചു. ഒരു വോട്ട് അസാധുവായി.

ഉച്ചതിരിഞ്ഞ് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ബി.ജെ.പി. ബഹിഷ്‌കരിച്ചു. തുടർന്ന് ബി.ജെ.പി. അംഗങ്ങൾ പഞ്ചായത്തുപടിക്കൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ ബീനാ ബിജുവും യു.ഡി.എഫിന്റെ ഗീതാ സുരേന്ദ്രനും മത്സരിച്ചു. മൂന്ന്‌ വോട്ടുമാത്രം ലഭിച്ച ഗീത പുറത്തായി. ഇതോടെ നാല് വോട്ടുലഭിച്ച ബീനാ ബിജുവിനെ വിജയിയായി വരണാധികാരി പ്രഖ്യാപിച്ചു.