ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിക്കുന്ന യാതൊരു പരാമർശവും മന്ത്രി ജി. സുധാകരൻ നടത്തിയിട്ടില്ലെന്ന് സി.പി.എം. ജില്ലാഘടകം. ജി. സുധാകരനെതിരേ കളവായ ആരോപണം ഉന്നയിച്ചാണ് ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭാര്യ പോലീസിൽ പരാതി നൽകിയത്. ഇക്കാര്യം ലോക്കൽ കമ്മിറ്റിയിൽ ചർച്ചചെയ്ത് തുടർനിർദേശങ്ങൾ നൽകുന്നതിനായി പാർട്ടി ഏരിയ കമ്മിറ്റിയിലേക്ക് റിപ്പോർട്ടു ചെയ്യുകയായിരുന്നു. ഇക്കാര്യത്തിൽ യാതൊരു സമവായശ്രമവും ജില്ലാ കമ്മിറ്റിയോ പാർട്ടിയുടെ മറ്റേതെങ്കിലും ഘടകമോ നടത്തിയിട്ടില്ല. സമവായശ്രമം നടത്തിയെന്ന പ്രചാരണം ശരിയല്ല. പാർട്ടി ലോക്കൽ കമ്മിറ്റിയിൽ പങ്കെടുത്ത ഒരാളും ജി. സുധാകരനെതിരേ എന്തെങ്കിലും പറയുകയോ വിമർശിക്കുകയോ ചെയ്തിട്ടില്ല. മന്ത്രിക്കെതിരേ നൽകിയ പരാതി ഉടൻ പിൻവലിക്കണമെന്ന് യോഗത്തിൽ കമ്മിറ്റി അംഗങ്ങളെല്ലാം ആവശ്യപ്പെട്ടെന്നും മറിച്ചുള്ള വാർത്ത ശരിയല്ലെന്നും ജില്ലാ സെക്രട്ടറി ആർ. നാസർ പ്രസ്താവനയിൽ പറഞ്ഞു.

മന്ത്രിയുടെ മുൻ പേഴ്സണൽ സ്റ്റാഫ്‌ അംഗം വേണുഗോപാലിന്റെ ഭാര്യ അമ്പലപ്പുഴ പോലീസിൽ നൽകിയ പരാതിയാണ് ജില്ലയിലെ പാർട്ടിയിൽ ചർച്ചയ്ക്കു വഴിയൊരുക്കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ മന്ത്രി സ്ത്രീവിരുദ്ധപരാമർശം നടത്തിയെന്നാണ് പരാതിയിലുള്ളത്. പുറക്കാട് ലോക്കൽ കമ്മിറ്റിയംഗംകൂടിയാണ് വേണുഗോപാൽ. തുടർന്ന് തിങ്കളാഴ്ച ലോക്കൽ കമ്മിറ്റി യോഗം ജില്ലാ ഓഫീസിൽ വിളിക്കുകയായിരുന്നു. വിഷയം ചർച്ചചെയ്തെങ്കിലും പരാതിനൽകിയത് ഭാര്യയാണെന്നും താൻ അതിൽ ഇടപെടില്ലെന്നുമാണ് വേണുഗോപാൽ നിലപാട് സ്വീകരിച്ചിരിക്കുന്നത്. അമ്പലപ്പുഴ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.