മാന്നാർ: രണ്ടുതവണ യു.ഡി.എഫ്. പിന്തുണയോടെ സി.പി.എം. അംഗം പ്രസിഡന്റാവുകയും പിന്നീട് രാജി വെക്കുകയും ചെയ്ത ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്തിൽ ചൊവ്വാഴ്ച നടന്ന മൂന്നാം തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക്‌ പ്രസിഡന്റ് സ്ഥാനം. ബി.ജെ.പി. അംഗം ബിന്ദു പ്രദീപാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബിന്ദുവിന് ഏഴ് വോട്ടും എതിർസ്ഥാനാർഥി സി.പി.എമ്മിലെ വിജയമ്മയ്ക്ക് നാലുവോട്ടും ലഭിച്ചു. യു.ഡി.എഫ്. വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ഒരു സി.പി.എം. അംഗം വോട്ട് അസാധുവാക്കി. സ്വതന്ത്ര അംഗം ബി.ജെ.പി.ക്ക്‌ വോട്ട് ചെയ്തു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ജന്മനാട്ടിൽ ആദ്യമായാണ് ബി.ജെ.പി. അധികാരത്തിലേറുന്നത്. ബി.ജെ.പി.-6, യു.ഡി.എഫ്.- 6 എൽ.ഡി.എഫ്. -5 സ്വതന്ത്രൻ-1 എന്നിങ്ങനെയാണ് കക്ഷിനില. പട്ടികജാതി വനിതയ്ക്ക് പ്രസിഡന്റ് പദവി സംവരണം ചെയ്തിട്ടുള്ള ഇവിടെ യു.ഡി.എഫിൽ ഈ വിഭാഗത്തിൽ നിന്നാരുമില്ല. തുടർന്ന് സി.പി.എമ്മിനെ യു.ഡി.എഫ്. പിന്തുണച്ച് വിജയമ്മ ഫിലേന്ദ്രൻ പ്രസിഡന്റായി. യു.ഡി.എഫ്. പിന്തുണയോടെയുള്ള പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് സി.പി.എം. നേതൃത്വം നിർദേശിച്ചിട്ടും ആദ്യം അവർ വഴങ്ങിയില്ല. പിന്നീട്, പാർട്ടി സമ്മർദങ്ങൾക്കു വഴങ്ങി 38 ദിവസം കഴിഞ്ഞു രാജിവച്ചു. പിന്നീട്, നടന്ന തിരഞ്ഞെടുപ്പിലും യു.ഡി.എഫ്. പിന്തുണയോടെ വിജയമ്മ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും നിമിഷങ്ങൾക്കകം രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞ് ചൊവ്വാഴ്ച നടന്ന മൂന്നാം തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. വിട്ടുനിന്നു. സ്വതന്ത്ര അംഗം ദിപു പടകത്തിൽ ബി.ജെ.പി.ക്ക്‌ വോട്ട് ചെയ്തു. സി.പി.എം. അംഗം അജിതാ ദേവരാജനാണ് വോട്ട് അസാധുവാക്കിയത്. ഇങ്ങനെയാണ് ബി.ജെ.പി.ക്ക് ഏഴും എൽ.ഡി.എഫിന് നാലും വോട്ട് ലഭിച്ചത്.