കാക്കനാട്: “നിനക്ക് സ്വയം മരിച്ചാൽ പോരായിരുന്നോ... ആ തങ്കക്കുടം പോലുള്ള കുഞ്ഞിനോട് എന്തിനാണ് ഇത് ചെയ്തത്?”, “പോലീസിൽ പറഞ്ഞ പോലെ വൈഗയെ നീ തന്നെയാണോ കഴുത്തുഞെരിച്ച് പുഴയിൽ ഇട്ടത്?’’

ഫ്ളാറ്റിലെ താമസക്കാരുടെ രോഷം നിറഞ്ഞ ചോദ്യങ്ങൾ ചുറ്റിലും ഉയർന്നപ്പോൾ സനു മോഹൻ തലതാഴ്ത്തി നടന്നു. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ വൈഗ കൊലക്കേസ് പ്രതിയായ സനു മോഹനെ കങ്ങരപ്പടി ശ്രീ ഗോകുലം ഹാർമണി ഫ്ളാറ്റിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണിത്. സനുവിനെ തെളിവെടുപ്പിനു കൊണ്ടുവരുന്നത് കാണാനെത്തിയ നാട്ടുകാരിൽ ചിലരും ഫ്ളാറ്റിന് തൊട്ടടുത്ത് കുന്നിനു മുകളിൽനിന്ന് നിനക്ക് സ്വയം മരിച്ചാൽ പോരായിരുന്നോ... എന്തിനാണ് ഈ മഹാ പാപം ചെയ്തത് എന്ന് വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു.

തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹത്തോടെയായിരുന്നു ഫ്ളാറ്റിൽ തെളിവെടുപ്പ്. മാധ്യമപ്രവർത്തകർ ഉൾപ്പെടെ ആരെയും അകത്തു കയറ്റാതെ ഗെയ്റ്റ് അടച്ചിട്ടായിരുന്നു തെളിവെടുപ്പ്. ചൊവ്വാഴ്ച ഫ്ളാറ്റിലെ താമസക്കാരിൽ പലരും ജോലിക്ക് പോയില്ല. സനുവിനെ തെളിവെടുപ്പിന് കൊണ്ടുവരുമെന്നറിഞ്ഞ് പലരും കുടുംബവുമൊത്താണ് ഫ്ലാറ്റിന് താഴെ കാത്തുനിന്നത്. ആറാം നിലയിലെ തെളിവെടുപ്പിനു ശേഷം പുറത്തിറക്കിയപ്പോൾ ചിലർ മൊബൈൽഫോണിൽ സനുവിന്റെ ഫോട്ടോയെടുക്കുന്നുണ്ടായിരുന്നു. ഫ്ളാറ്റ് അസോസിയേഷൻ സെക്രട്ടറി കൂടിയായ സനുവിനെ വിലങ്ങ് അണിയിച്ച് പോലീസ് അകമ്പടിയിൽ എത്തിക്കുന്നത് ഫ്ളാറ്റിലെ താമസക്കാർ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല.

മുമ്പ് എല്ലാവരോടും തല ഉയർത്തി ഉന്മേഷത്തോടെ സംസാരിച്ചിരുന്ന സനു തലതാഴ്ത്തി ആരുടെയും നേരേ നോക്കാതെ നടന്നു. സമീപത്തെ വീടുകളിലെ പ്രായമായവർ പോലും ഫ്ളാറ്റിന് പരിസരത്ത് എത്തി പ്രതിയെ നോക്കുന്നുണ്ടായിരുന്നു. തെളിവെടുപ്പിനു ശേഷം സനുവിനെയും കൊണ്ടു പുറത്തിറങ്ങിയപ്പോൾ ഫ്ളാറ്റിലെ ഭൂരിഭാഗം താമസക്കാരും പിന്നാലെ കൂടി.