പത്തനംതിട്ട: എസ്.എസ്.എൽ.സി. പരീക്ഷയ്ക്കിടെ ചോദ്യക്കടലാസ് വാട്സാപ് ഗ്രൂപ്പിൽ പങ്കുവെയ്ക്കപ്പെട്ട സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ്. ആരോപണവിധേയനായ മുട്ടത്തുകോണം എസ്.എൻ.ഡി.പി. ഹൈസ്കൂൾ പ്രഥമാധ്യാപകൻ എസ്. സന്തോഷിനെ തിങ്കളാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. കൂടുതൽ അന്വേഷണമാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ, പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പരാതി നൽകിയെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ.

മൊബൈൽഫോൺ ക്യാമറയിൽ ചോദ്യക്കടലാസിന്റെ ചിത്രം പ്രഥമാധ്യാപകൻ പകർത്തിയതിന്റെ ലക്ഷ്യമെന്തായിരുന്നുവെന്നതിനെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് കണ്ടെത്താനായിട്ടില്ല. മുൻ പരീക്ഷകളിലും ഇത്തരത്തിൽ നീക്കമുണ്ടായിട്ടുണ്ടാകാമെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. ‘ഡി.ഇ.ഒ. ഓഫീസ് പി.ടി.എ.’എന്ന വാട്സാപ് കൂട്ടായ്മയിലേക്കാണ്, പ്രഥമാധ്യാപകനായ എസ്.സന്തോഷ് കണക്ക് പരീക്ഷയുടെ ചോദ്യപ്പേപ്പർ തിങ്കളാഴ്ച രാവിലെ പത്തരയോടെ പങ്കുവെച്ചത്. മറ്റ് ആർക്കോ അയച്ച ഈ സന്ദേശം അബദ്ധത്തിൽ വാട്സാപ് ഗ്രൂപ്പിൽ എത്തിയതാണെന്ന ആക്ഷേപമുയർന്നതോടെയാണ് സംഭവം വിവാദമായത്. ഇതേതുടർന്ന് തിങ്കളാഴ്ച വൈകീട്ടോടെയാണ് വിദ്യാഭ്യാസവകുപ്പ് അധികൃതർ സ്കൂളിൽ തെളിവെടുപ്പിനെത്തിയത്. പ്രഥമാധ്യാപകന്റെ മൊബൈൽഫോണും പിടിച്ചെടുത്തിരുന്നു.