ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തിരഞ്ഞെടുപ്പ് വിജയത്തെ ബാധിച്ചുവെന്ന് സി.പി.എം. സെക്രട്ടേറിയറ്റ് യോഗത്തിൽ സ്ഥാനാർഥികൾ. ന്യൂനപക്ഷ വോട്ടുകൾക്കൊപ്പം ഹിന്ദുവോട്ടുകളും നഷ്ടമായതാണ് പരാജയത്തിന്റെ ആഘാതം കൂട്ടിയതെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇതിൽ, കൃത്യമായ പരിശോധന വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. യു.ഡി.എഫിന് ഏകപക്ഷീയ വിജയമുണ്ടാകാനുള്ള സാഹചര്യം പരിശോധിക്കണമെന്നും ആവശ്യമുയർന്നു.

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തിരുത്തുന്നതാണ് സെക്രട്ടേറിയറ്റിന്റെ വിലയിരുത്തലെന്നതും ശ്രദ്ധേയമായി. ശബരിമല എന്ന വാക്ക് ഒരിടത്തും പരാമർശിക്കാതെയാണ് സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവന.

‘ഇടതുപക്ഷത്തിന് സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത വോട്ടുകളിലും നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിശ്വാസികളിൽ ഒരുവിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പാർട്ടി പ്രത്യേകമായി പരിശോധിക്കും’’ -ഇങ്ങനെയാണ് പ്രസ്താവനയിലുള്ളത്.

ശബരിമല സംഭവം വോട്ട് നഷ്ടപ്പെടുത്തിയെന്ന സ്ഥാനാർഥികളുടെ അഭിപ്രായത്തോട് മറ്റുള്ളവരാരും വിയോജിച്ചില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു, അദ്ദേഹംമുമ്പ് സ്വീകരിച്ച നിലപാട് സെക്രട്ടേറിയറ്റ് തള്ളിയത്. ശബരിമല തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നാണ് അവസാനഘട്ടംവരെ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട്. എന്നാൽ, യോഗത്തിൽ അദ്ദേഹം ഈ കടുത്ത നിലപാട് സ്വീകരിച്ചില്ല.

എൽ.ഡി.എഫിന് കനത്തതോൽവി പ്രവചിക്കുന്ന എക്സിറ്റ്പോൾ ഫലം വന്നതിന്റെ പിറ്റേന്ന് ‘ശബരിമല’ തിരഞ്ഞെടുപ്പിനെ ബാധിച്ചുവെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ശബരിമല വിഷയത്തിലൂടെ കഴിഞ്ഞുവെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിനെ തള്ളിയാണ് മുഖ്യമന്ത്രി പിന്നാലെ പ്രതികരിച്ചത്. എന്നാൽ, കടകംപള്ളിയുടെ അതേ വാക്കുകളാണ് സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിലുള്ളത്.

ശബരിമലവിഷയത്തിൽ സ്വീകരിച്ച നിലപാടല്ല, വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ വലതുപക്ഷ ശക്തികൾ വിജയിച്ചുവെന്നതാണ് സി.പി.എം. പരസ്യമായി ഉയർത്തുന്ന വാദം.

പ്രചാരണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന മുൻനിലപാട് സെക്രട്ടേറിയറ്റ് ആവർത്തിച്ചു. പക്ഷേ, മണ്ഡലത്തിലെ ‘പൾസ്’ അറിയാൻ കഴിയാതെപോയി. മോദിപ്പേടി ന്യൂനപക്ഷ ഏകീകരണത്തിന് കാരണമായി. ഇതിനൊപ്പമുണ്ടായ ഭൂരിപക്ഷ വോട്ടുചോർച്ചയും അതിന്റെ കാരണവും ബൂത്തുതലത്തിൽ പരിശോധിക്കണം. ഇക്കാര്യം ചർച്ചചെയ്യാൻ 31, ജൂൺ ഒന്ന് ദിവസങ്ങളിലായി സംസ്ഥാനസമിതി ചേരും. മണ്ഡലം കമ്മിറ്റികളുടെ റിപ്പോർട്ടിന്റെ വിലയിരുത്തലാകും ഇതിൽ നടക്കുക.

തിരഞ്ഞെടുപ്പിലെ പരാജയം ഇടതുപക്ഷ പ്രസ്ഥാനത്തിനുണ്ടായ താത്കാലികമായ തിരിച്ചടിയാണെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറയുന്നു. സംസ്ഥാനകമ്മിറ്റി മുതൽ ബൂത്ത് കമ്മിറ്റി വരെ പരിശോധന നടത്തി കുറവുകൾ കണ്ടെത്തി ആവശ്യമായ തിരുത്തലുകൾ വരുത്തി നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചുപിടിക്കും. ബി.ജെ.പി.യെ പരാജയപ്പെടുത്തുക, മതനിരപേക്ഷ സർക്കാർ രൂപവത്കരിക്കുക, ഇടതുപക്ഷത്തിന്റെയും സി.പി.എമ്മിന്റെയും അംഗബലം വർധിപ്പിക്കുക എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പിൽ ജനങ്ങളെ സമീപിച്ചത്.

നരേന്ദ്രമോദിസർക്കാർ അധികാരത്തിൽ തുടർന്നാലുണ്ടാകുന്ന അപകടം സമൂഹത്തിൽ ശരിയായി പ്രചരിപ്പിക്കുന്നതിൽ ഇടതുപക്ഷം വിജയിച്ചു. എന്നാൽ, ഇതിന്റെ നേട്ടം യു.ഡി.എഫിനാണുണ്ടായത്. ഒരു മതനിരപേക്ഷസർക്കാർ രൂപവത്കരിക്കാൻ കോൺഗ്രസിനേ കഴിയൂ എന്ന ചിന്തയിലാണ് വിവിധ ജനവിഭാഗങ്ങൾ യു.ഡി.എഫിന് അനുകൂലമായി വോട്ടുചെയ്തത്.

ദേശീയരാഷ്ട്രീയത്തിന്റെ ഭാഗമായി സ്വീകരിച്ച ഈ സമീപനമാണ് ജനവിധിയെ സ്വാധീനിച്ച പ്രധാനഘടകം. ദേശീയ രാഷ്ട്രീയത്തിലെ കോൺഗ്രസിന്റെ സ്ഥിതിയും ഇടതുപക്ഷം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ജനങ്ങളെ ബോധ്യപ്പെടുത്താൻ ഇടതുപക്ഷത്തിന് വേണ്ടത്ര കഴിഞ്ഞില്ലെന്നും പ്രസ്താവനയിലുണ്ട്.

Content Highlights: 2019 Loksabha Elections, Sabarimala