കൊച്ചി: 2018-ലെ പ്രളയനഷ്ടപരിഹാരത്തിൽ കളക്ടറുടെ തീർപ്പിനെതിരായ അപ്പീലുകളുടെ പ്രളയമാണ് എറണാകുളം സ്ഥിരം ലോക് അദാലത്തിൽ. പരിശോധിച്ച് നമ്പറിട്ട അപ്പീലുകളുടെ എണ്ണം 15,000 കവിഞ്ഞു. ഒന്നാംഅപ്പീലിൽ കളക്ടറുടെ തീർപ്പിൽ തൃപ്തിയാവാതെ എത്തുന്ന രണ്ടാംഅപ്പീലുകളാണ് ഇതെല്ലാം. അപ്പീലെല്ലാം ശരിയായി സൂക്ഷിക്കാനുള്ള സൗകര്യം പോലുമില്ലെന്ന് സ്ഥിരം ലോക് അദാലത്ത് അധികൃതർ പറയുന്നു.

ജീവനക്കാരോ വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങളോ ഇല്ല. ഇത്രയും അപ്പീലുകൾ തീർപ്പാക്കാൻ എത്രനാൾ പിടിക്കുമെന്ന് ഒരുതിട്ടവുമില്ല. എറണാകുളത്തിന് പുറേമ തിരുവനന്തപുരത്തും കോഴിക്കോട്ടും സ്ഥിരം അദാലത്തുകളുണ്ട്. ഇവിെട പക്ഷേ പരാതികൾ കുറവാണ്. കോഴിക്കോട്ട് ഫയൽചെയ്തത് അഞ്ചെണ്ണംമാത്രം. കോഴിക്കോടിനുകീഴിൽ വയനാടും തിരുവനന്തപുരത്തിനുകീഴിൽ പത്തനംതിട്ടയുൾപ്പെടെ പ്രളയബാധിത ജില്ലകളുണ്ടായിരിക്കേയാണിത്.

*ടോക്കൺ നൽകിയാണ് എറണാകുളം ലോക് അദാലത്തിൽ അപ്പീലുമായെത്തുന്ന പ്രളയബാധിതരുടെ തിരക്ക് നിയന്ത്രിക്കുന്നത്. ദിവസം 200-250 എന്ന തോതിൽ ടോക്കൺ കൊടുക്കുന്നു. 2021 ജനുവരി വരെയുള്ള ടോക്കൺ തീർന്നു.

*2019 നവംബറിൽ തുടങ്ങി മാസംതോറും അയ്യായിരത്തോളം അപ്പീലുകൾ ഫയലിൽ സ്വീകരിച്ചു.

*വക്കീൽ മുഖേന വേറെയും അപ്പീലുകളെത്തുന്നു.

*ഫെബ്രുവരി 29-ന് കോടതി പരിഗണിച്ച അപ്പീലുകളിൽ എതിർകക്ഷിക്ക് നോട്ടീസിന് നിർദേശിച്ച് അടുത്ത പോസ്റ്റിങ് നൽകാനായത് ഡിസംബർ 23-ലേക്ക്.

*സ്ഥിരം ലോക് അദാലത്തിലെ തീർപ്പ് അന്തിമമാണ്. അതിനെതിരേ അപ്പീലില്ല.

*വേണ്ടത്ര സ്റ്റാഫില്ല. ജീവനക്കാരുടെ അഞ്ചുതസ്തികകളുള്ള സ്ഥിരം ലോക് അദാലത്തിൽ ഇപ്പോഴുള്ളത് മൂന്നുപേർമാത്രം. ഒരു ഹെഡ് ക്ലാർക്കിന്റെയും സ്‌റ്റെനോഗ്രാഫറുടെയും തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. പ്രളയഅപ്പീൽ വന്നപ്പോൾ മൂന്നുപേരെ അധികംനൽകാൻ ഹൈക്കോടതി സർക്കാരിനോട് ഉത്തരവിട്ടു. അതനുസരിച്ച് കുടുംബശ്രീയിൽനിന്ന് എത്തിയമൂന്നുപേരുടെ കൈയിൽ നിയമന ഉത്തരവില്ലായിരുന്നു. ഉത്തരവുമായി വരാൻ അദാലത്ത് അധികൃതർ നിർദേശിച്ചു. പിന്നീട് അവർ തിരിച്ചെത്തിയില്ല.

*അധികാരം അഞ്ച് പ്രളയജില്ലകളുടെ. തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളാണ് എറണാകുളത്തെ സ്ഥിരം ലോക് അദാലത്തിനുകീഴിലുള്ളത്. ഇവയഞ്ചും പ്രളയത്തിൽ മുങ്ങിയവ. അതുകൊണ്ടുതന്നെ അപ്പീലുകാരുടെ എണ്ണമേറെ.

*ആൻഡ്രോയ്ഡ് ആപ്പ് വഴി സർക്കാർ പ്രളയസമയത്ത് ശേഖരിച്ച വിവരം, ചിത്രങ്ങൾ, ആദ്യഅപ്പീലിലെ തീർപ്പിനാധാരമാക്കിയ വസ്തുതകൾ, നിഗമനങ്ങൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് അനുവദിച്ച നഷ്ടപരിഹാരം ന്യായമാണോ എന്ന് അദാലത്ത് വിലയിരുത്തേണ്ടത്. ഈ ആദ്യഘട്ടപരിശോധനാവിവരങ്ങൾ അദാലത്തിൽ ലഭിക്കുന്നില്ല.

*അപ്പീൽ വെക്കാൻ സ്ഥലമില്ല. അലമാരകൾ നിറഞ്ഞതോടെ ഓഫീസിൽ ജീവനക്കാരുടെ മേശപ്പുറത്തും അപ്പീലുകൾ നിരന്നുയർന്നു.

content highlights; 2018 kerala flood, appeals in ernakulam lok adalat