thiefകുറ്റിപ്പുറം: ട്രെയിൻ കയറാനെത്തിയ കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന 20 പവൻ സ്വർണാഭരണങ്ങളടങ്ങിയ ബാഗ് മോഷണംപോയി. കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.

കണ്ണൂർ കടലായി ഇന്ദിരാഭവനിലെ രാഗേഷും കുടുംബവുമാണ് കവർച്ചയ്ക്കിരയായത്. ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് തളിപ്പറമ്പിലെ വീട്ടിലേയ്ക്ക് പോകാൻ വണ്ടികയറാൻ റെയിൽവേ സ്റ്റേഷനിലെത്തിയതായിരുന്നു ആറംഗ കുടുംബം. നേത്രാവതി എക്സ്‌പ്രസിൽ ടിക്കറ്റ് റിസർവ് ചെയ്തിരുന്നെങ്കിലും ഈ വണ്ടി വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു. യാത്രാവിവരങ്ങളറിയാനായി രാഗേഷ് വീട്ടുകാരെ ബാഗ് ഏൽപ്പിച്ച് ടിക്കറ്റ് കൗണ്ടറിനടുത്തേയ്ക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. മൂന്ന് ബാഗുകളുണ്ടായിരുന്നെങ്കിലും സ്വർണം അടങ്ങിയ ബാഗ് മാത്രമാണ് നഷ്ടപ്പെട്ടത്.

ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം കുടുംബത്തിലെ വിവാഹാവശ്യത്തിനാണ് കഴിഞ്ഞദിവസം തിരിച്ചെടുത്തത്. വ്യാഴാഴ്ചയാണ് കുടുംബം ക്ഷേത്രദർശനത്തിനായി ഗുരുവായൂരിലെത്തിയത്. ആളില്ലാത്തവീട്ടിൽ സ്വർണം സൂക്ഷിക്കേണ്ടെന്ന് കരുതിയാണ് കൈയിൽ കരുതിയത്. വിവരമറിഞ്ഞ് കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.

content highlights:gold robbery