തിരുവനന്തപുരം: സർക്കാർ സ്‌കൂളുകളിലെ ശൗചാലയങ്ങൾ നന്നാക്കാൻ 20 കോടി രൂപ അനുവദിച്ചു. ഒരു വർഷത്തിനുള്ളിൽ 30 കുട്ടികൾക്ക് ഒരു ശൗചാലയം എന്ന രീതിയിൽ കുട്ടികൾക്ക് സൗകര്യമൊരുക്കും. എല്ലാ വിദ്യാലയങ്ങളിലും അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി അറ്റകുറ്റപ്പണികൾ നടത്തുന്ന പദ്ധതിപ്രകാരമാണിത്.

ആരോഗ്യസുരക്ഷിതത്വത്തിലും ശുചിത്വസംരക്ഷണ സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനും ഉതകുന്നതാണ് പദ്ധതി. ആദ്യഘട്ടത്തിൽ വയനാട് ജില്ലയിലെ എല്ലാ സർക്കാർ സ്‌കൂളുകൾക്കും ടോയ്‌ലറ്റ് ബ്ലോക്കുകൾ നിർമിക്കുന്നതിന് 1.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. മറ്റു ജില്ലകൾക്ക് ഉടൻ ഭരണാനുമതി നൽകും.

ഇതോടൊപ്പം വയനാട് ജില്ലയിലെ സ്‌കൂളുകൾക്ക് അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനുള്ള പാക്കേജും സർക്കാർ തയ്യാറാക്കി. 23 സ്‌കൂളുകൾക്കായി 20 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയത്.

ജി.യു.പി.എസ്. പിണങ്ങോട്, ജി.എൽ.പി.എസ്. വിളമ്പുകണ്ടം, ജി.എൽ.പി.എസ്. പനവല്ലി, ഗവ. എൽ.പി.എസ്. പാൽവെളിച്ചം, ജി.യു.പി.എസ്. ബീനാച്ചി, ഗവ. എൽ.പി.എസ്. പുലിക്കാട്, ഗവ. എൽ.പി.എസ്. പെരുംതട്ട, ജി.യു.പി.എസ്. കമ്പളക്കാട്, സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ, മേപ്പാടി ജി.എൽ.പി.എസ്, കൊട്ടനാട് ജി.യു.പി.എസ്, ഗവ. എച്ച്.എസ്, ഗവ. എച്ച്.എസ്. കറുമ്പാല, ചീക്കല്ലൂർ എൽ.പി.എസ്, ഗവ. യു.പി.എസ്. ചെന്നലോട്, ജി.എൽ.പി.എസ്. പോരൂർ, ജി.എൽ.പി. സ്‌കൂൾ അരണപ്പാറ, കമ്പളക്കാട് ഗവ. എൽ.പി.എസ്, ഗവ. എൽ.പി.എസ്. പുളിയാർമല, ഗവ. എൽ.പി.എസ്. വലിയപാറ, ഗവ. എൽ.പി.എസ്. പൂമല, ചിത്രഗിരി ഗവ. എൽ.പി. സ്‌കൂൾ, ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മേപ്പാടി, സുൽത്താൻബത്തേരി സർവജന ഹയർസെക്കൻഡറി സ്‌കൂൾ എന്നിവയ്ക്കാണ് പുതിയ കെട്ടിടം അനുവദിക്കുന്നത്. ഇവയുടെ നിർമാണം ഉടൻ തുടങ്ങും.

Content Highlights;  20 crores for repairing toilets in government schools