കൊല്ലം : പെരുമൺ എൻജിനീയറിങ് കോളേജിനുസമീപം റെയിൽേവ ട്രാക്ക് കടക്കുന്നതിനിടയിൽ യുവാവ് തീവണ്ടിതട്ടി മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിനെ ഗുരുതരപരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കടവൂർ പള്ളിവേട്ടച്ചിറ മുള്ളിയിൽ കിഴക്കതിൽ രഘുനാഥന്റെയും ശശികലയുടെയും മകൻ ഹരികൃഷ്ണൻ (27) ആണ് മരിച്ചത്. പ്രാക്കുളം എ.എസ്.നിവാസിൽ അഭിലാഷിനാണ് പരിക്കേറ്റത്.

ഞായറാഴ്ച രാത്രി എട്ടുമണിയോടെ പെരുമൺ റെയിൽവേ ഗേറ്റിനടുത്ത് ഗുരുവായൂർ എക്സ്പ്രസ് കടന്നുപോകുമ്പോഴാണ് അപകടം. പോസ്റ്റ്‌ഓഫീസിലെ വാഹന ഡ്രൈവറായ ഹരികൃഷ്ണൻ അവധിദിവസങ്ങളിൽ സ്വകാര്യ ബസ് ഡ്രൈവറായും ജോലിനോക്കാറുണ്ട്. പെരുമൺ-കണ്ണനല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ ഞായറാഴ്ച ഡ്രൈവറായി പോയതാണ്. ഇതേബസിലെ കണ്ടക്ടറായിരുന്നു അഭിലാഷ്. സർവീസ് അവസാനിപ്പിച്ച് പെരുമണിൽ ബസ് നിർത്തിയിട്ടശേഷം ഭക്ഷണം കഴിച്ചുമടങ്ങുമ്പോഴാണ് അപകടം.

വളവുള്ള ഭാഗമായതിനാൽ തീവണ്ടിവരുന്നത്‌ ഇവർ അറിഞ്ഞില്ല. തീവണ്ടി അടുത്തെത്തിയപ്പോഴേക്കും ട്രാക്കിൽനിന്ന് മാറാനായില്ല. ദൂരേക്കു തെറിച്ചുവീണ ഇരുവരെയും ഓടിക്കൂടിയ നാട്ടുകാർ മതിലിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹരികൃഷ്ണൻ മരിച്ചു. അഭിലാഷിനെ ജില്ലാ ആശുപത്രിയിലേക്കും അവിടെനിന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റി.

ഹരികൃഷ്ണന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സഹോദരൻ: രമേശ്കൃഷ്ണൻ.