കാക്കനാട്: തൃക്കാക്കര നഗരസഭാ സെക്രട്ടറി എൻ.കെ. കൃഷ്ണകുമാറിനെ തൃശ്ശൂരിലേക്ക് സ്ഥലംമാറ്റിയ സർക്കാർ നടപടി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ തടഞ്ഞു. സ്ഥലംമാറ്റ ഉത്തരവിനെതിരേ തൃശ്ശൂർ കോർപ്പറേഷനിലെ വൈദ്യുതി വിഭാഗം അഡീഷണൽ സെക്രട്ടറി വി.വി. ലതീഷ്‌കുമാർ പരാതി നൽകിയിരുന്നു. ഹർജിയിൽ വാദംകേട്ട ട്രിബ്യൂണൽ അംഗങ്ങളായ ബെന്നി ഗർവാസിസ്, രാജേഷ് ധവാൻ എന്നിവരാണ് സ്ഥലംമാറ്റം ഒരു മാസത്തേക്ക് തടഞ്ഞത്.

തൃക്കാക്കര നഗരസഭാ സെക്രട്ടറി കൃഷ്ണകുമാറിനെ തൃശ്ശൂർ കോർപ്പറേഷനിലെ വൈദ്യുതി വിഭാഗം അഡീഷണൽ സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റിയപ്പോൾ ലതീഷ്‌കുമാറിനെ ചങ്ങനാശ്ശേരി നഗരസഭാ സെക്രട്ടറിയായാണ് നിയമിച്ചത്. കേസിൽ കക്ഷികളായവർക്ക് രണ്ടാഴ്ചയ്ക്കകം നോട്ടീസ് നൽകി എത്രയും വേഗം തുടർനടപടികൾ ആരംഭിക്കണമെന്നാണ് നിർദേശം. ഇതിനു ശേഷമേ പുതിയ ചുമതല നൽകുകയുള്ളു.

അപ്രതീക്ഷിതമായ ട്രിബ്യൂണൽ ഇടപെടൽ നഗരസഭയിലെ എൽ.ഡി.എഫ്. കൗൺസിലർമാർക്ക് കനത്ത തിരിച്ചടിയായി.

തൃക്കാക്കരയിലെ ഓണസമ്മാന വിവാദത്തിൽ യു.ഡി.എഫ്. ചെയർപേഴ്‌സൺ അജിത തങ്കപ്പന്റെ രാജിക്കായുള്ള സമരം കത്തിനിന്ന സമയത്ത് മുനിസിപ്പൽ സെക്രട്ടറിക്ക് നേരേയും എൽ.ഡി.എഫ്. കൗൺസിലർമാർ തിരിഞ്ഞിരുന്നു. ഓഫീസിൽ കാണുന്നില്ലെന്നും ഭരണസ്തംഭനമാണെന്നും ചൂണ്ടിക്കാട്ടി സെക്രട്ടറിക്കെതിരേ റീത്തു വെച്ചാണ് പ്രതിഷേധിച്ചത്.

ഈ സമരം വിവാദമായതോടെ മുൻ എൽ.ഡി.എഫ്. ഭരണസമിതിയുടെ കാലത്ത് നടന്ന അഴിമതികളിൽ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറി വിജിലൻസിനെ സമീപിച്ചു. ഇതിന് പിന്നാലെയാണ് സെക്രട്ടറിയുടെ സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയത്.

ചെയർപേഴ്‌സൻ അജിത തങ്കപ്പനെ നീക്കാൻ എൽ.ഡി.എഫ്. കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിന് മുൻപേ സെക്രട്ടറിയെ സ്ഥലംമാറ്റിയ സന്തോഷത്തിലായിരുന്നു എൽ.ഡി.എഫ്. അതിനിടെയാണ് ഈ തിരിച്ചടി. ഈമാസം 23-നാണ് അവിശ്വാസപ്രമേയ ചർച്ചയും വോട്ടെടുപ്പും