ചക്കരക്കല്ല്: പള്ളിപ്പൊയിലിൽ കുടുംബവഴക്കിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കുനിയിൽ രാജനാണ് (60) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ ഭാര്യാസഹോദരീഭർത്താവ് വീരാജ്‌പേട്ട സ്വദേശി രവീന്ദ്രനെ (59) ചക്കരക്കല്ല് പോലീസ് അറസ്റ്റ് ചെയ്തു.

സെപ്റ്റംബർ 13-നാണ് സംഭവം. രാജനും രവീന്ദ്രനും കൂലിപ്പണിക്കാരാണ്. കുടുംബവഴിക്കിനിടെ രവീന്ദ്രൻ തള്ളിമാറ്റുന്നതിനിടെയാണ് രാജൻ തറയിൽ വീണത്. വീഴ്ചയിൽ ഇയാളുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. ഉടൻ കണ്ണൂർ ജില്ലാ ആശുപത്രി, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച രാത്രിയോടെ മരിച്ചു.

ഭാര്യ: റീത്ത. മകൻ: രാഹുൽ. ചക്കരക്കല്ല് പോലീസ് ഞായറാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി മൃതദേഹപരിശോധന പൂർത്തിയാക്കി. പോസ്റ്റ്മോർട്ടം പരിശോധനയ്ക്കുശേഷം ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം രാജന്റെ സ്വദേശമായ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.