തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരേ തിങ്കളാഴ്ച യു.ഡി.എഫിന്റെ നേതൃത്വത്തിൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ ധർണ നടക്കും. പെട്രോൾ, ഡീസൽ, പാചകവാതക വില വർധന പിൻവലിക്കുക, മുട്ടിൽ മരംമുറി, കള്ളക്കടത്ത്‌, അഴിമതിക്കേസിലെ കുറ്റവാളികളെ സംരക്ഷിക്കുന്ന സംസ്ഥാന സർക്കാർ നിഷ്‌പക്ഷവും നീതിപൂർവവുമായ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് രാവിലെ 10 മുതൽ ഒന്നുവരെയാണ് യു.ഡി.എഫ്. നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾക്കു മുൻപിൽ ധർണ നടത്തുന്നത്.

സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജില്ലയിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നിർവഹിക്കും. കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ കണ്ണൂരിൽ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. മുസ്‌ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്തും ഉമ്മൻചാണ്ടി തിരുവനന്തപുരത്തും യു.ഡി.എഫ്. കൺവീനർ എം.എം.ഹസൻ തൃശ്ശൂരും പി.ജെ.ജോസഫ് ഇടുക്കിയിലും കൊല്ലത്ത് എ.എ.അസീസും രമേശ് ചെന്നിത്തല പാലക്കാടും കെ.മുരളീധരൻ കോഴിക്കോടും എം.കെ.മുനീർ വയനാടും സി.പി.ജോൺ പത്തനംതിട്ടയിലും ഷിബു ബേബിജോൺ ആലപ്പുഴയിലും തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തും ജി.ദേവരാജൻ കാസർകോട്ടും ജില്ലാതല ഉദ്ഘാടനം നിർവഹിക്കും.