കൊച്ചി: മതസൗഹാർദത്തിനും സമുദായ സാഹോദര്യത്തിനും ഹാനികരമാകുന്ന വിവാദങ്ങൾ അവസാനിപ്പിച്ച് മുന്നേറാൻ പരിശ്രമിക്കണമെന്ന് സിറോ മലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി. മതവികാരങ്ങളെ മുറിപ്പെടുത്തുന്നതെന്നു സംശയിക്കുന്ന കാര്യങ്ങളിൽപ്പോലും അതീവ വിവേകത്തോടും പരസ്പര ബഹുമാനത്തോടുംകൂടി ചർച്ചകൾനടത്തി പരിഹാരംകണ്ടെത്താനാണ് ശ്രമിക്കേണ്ടത്. സമൂഹത്തിൽ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ നടത്തുന്ന പ്രസ്താവനകളെയും പ്രവർത്തനങ്ങളെയും അവയുടെ യഥാർഥ ലക്ഷ്യത്തിൽനിന്നു മാറ്റിനിർത്തി വ്യാഖ്യാനിക്കുന്നതു തെറ്റിദ്ധാരണകൾക്കും ഭിന്നതകൾക്കും വഴിതെളിക്കും. സമൂഹത്തിൽ സംഘർഷമുണ്ടാക്കുന്ന ഒരു സാഹചര്യവും സൃഷ്ടിക്കാൻ ക്രൈസ്തസഭകളോ സഭാശുശ്രൂഷകരോ ആഗ്രഹിക്കുന്നില്ല. ഈ കാഴ്ചപ്പാടിൽനിന്ന് വ്യതിചലിക്കാതിരിക്കാൻ സഭാംഗങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.