പൊന്നാനി: സ്കൂളുകൾവഴി കുട്ടികൾക്ക് നൽകിയിരുന്ന വിളർച്ചാപ്രതിരോധ ഗുളികവിതരണം നിലച്ചതോടെ വിളർച്ച (അനീമിയ) നിർമാർജനത്തിന് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ബോധവത്കരണപരിപാടി നടത്താനൊരുങ്ങി വനിതാ ശിശുവികസന വകുപ്പ്. സ്കൂൾതലത്തിൽ ഓൺലൈനായി നടക്കുന്ന രക്ഷാകർത്തൃയോഗത്തിൽ ബോധവത്കരണ വീഡിയോ പ്രദർശിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. വനിതാ ശിശുവികസന വകുപ്പിന്റെ ഊർജിത വിളർച്ചാനിയന്ത്രണയജ്ഞമായ ‘കാമ്പയിൻ-12’ ന്റെ ഭാഗമായാണ് വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച് പരിപാടി നടത്തുന്നത്.

അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സർവേപ്രകാരം നിലവിൽ കേരളത്തിൽ കുട്ടികളിലെ അനീമിയ 39.4 ശതമാനമാണ്. അനീമിയ നിർമാർജനത്തിനായി മുൻപ് സ്കൂളുകൾ കേന്ദ്രീകരിച്ച് അയേൺ-ഫോളിക് ആസിഡ് ഗുളികവിതരണം ചെയ്തിരുന്നെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികൾ സ്കൂളിലെത്താത്തതിനാൽ വിതരണം നടത്താൻ കഴിയാത്ത സ്ഥിതിയായി.

കുട്ടികൾ വീടുകളിൽതന്നെ കഴിയുന്നതിനാൽ ഭക്ഷണക്രമീകരണങ്ങളിലൂടെയുള്ള പ്രതിരോധപ്രവർത്തനങ്ങൾ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിനായാണ് വിദ്യാഭ്യാസവകുപ്പുമായി ചേർന്ന് രക്ഷിതാക്കളെ ബോധവത്കരിക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.

ഓൺലൈൻ രക്ഷാകർത്തൃയോഗങ്ങളിൽ അനീമിയയും അത് ഒഴിവാക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും കുട്ടികളുടെ ഭക്ഷണക്രമം സംബന്ധിച്ചുമുള്ള പ്രത്യേക വീഡിയോ പ്രദർശിപ്പിക്കും. നാഷണൽ ഹെൽത്ത് മിഷൻ സംസ്ഥാന നോഡൽ ഓഫീസർ ഡോ. അമർ ഫെറ്റിലിന്റെ എട്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് ബോധവത്കരണത്തിനായി തയ്യാറാക്കിയിട്ടുള്ളത്.

സർക്കാർ, എയ്ഡഡ് മേഖലയിലുള്ള എൽ.പി. മുതൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ രക്ഷാകർത്തൃയോഗങ്ങളിൽ വീഡിയോ പ്രദർശിപ്പിക്കാനാണ് തീരുമാനം. ഓൺലൈൻ യോഗത്തിൽ ശിശുവികസന പദ്ധതി ഓഫീസർ, സൂപ്പർവൈസർ, ന്യൂട്രീഷ്യനിസ്റ്റ് എന്നിവരിൽ ആരെങ്കിലും പങ്കെടുത്ത് രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകും.