തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ഏകോപനം അനിവാര്യമാണെന്നു ബോധ്യപ്പെട്ടതായി മന്ത്രി എം.വി. ഗോവിന്ദൻ. കേരള വികസന പ്രക്രിയയിൽ ഒരുമനസ്സോടെ പ്രവർത്തിക്കാൻ ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് രൂപവത്കരണം സഹായകരമാകും. ഇതിന്റെ ഭാഗമായി പ്രവർത്തന മാന്വൽ രൂപരേഖ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി.

പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം, ഗ്രാമ-നഗരാസൂത്രണം, എൻജിനിയറിങ് വിഭാഗം എന്നിവയുടെ ഏകീകരണം സാധ്യമാക്കുന്നതിലൂടെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ നവീനമാക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, സ്പെഷ്യൽ സെക്രട്ടറി ആർ.എസ്. കണ്ണൻ, പ്രിൻസിപ്പൽ ഡയറക്ടർ വി.ആർ. വിനോദ്, കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, പഞ്ചായത്ത് വകുപ്പ് ഡയറക്ടർ എച്ച്. ദിനേശൻ, നഗരകാര്യവകുപ്പ് ഡയറക്ടർ ഡോ. രേണുരാജ് തുടങ്ങിയവർ സംസാരിച്ചു.