തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിങ് ഉദ്യോഗസ്ഥർക്ക് പരിശീലനം ഓൺലൈനിൽ നൽകും. ഉദ്യോഗസ്ഥരുടെ സംശയനിവാരണത്തിനും പരിശീലനംനൽകാനും മൊബൈൽ ആപ്പും തയ്യാറാക്കും.

നിരന്തരമായുണ്ടാകുന്ന ചോദ്യങ്ങളും ഉത്തരങ്ങളും എഫ്.എ.ക്യു. മാതൃകയിൽ ആപ്പിൽ ഉൾപ്പെടുത്തും. പോളിങ് സ്റ്റേഷനിലുണ്ടാകുന്ന സംശയംതീർക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെ വിളിക്കുന്ന അവസ്ഥ ഇതോടെ ഒഴിവാകും. വോട്ടെടുപ്പിന് മുമ്പുള്ള നടപടികൾ സുതാര്യവും ലളിതവുമാക്കി പരിഷ്‌കരിക്കുകയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. പോളിങ് സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥർക്കുള്ള നിർദേശങ്ങളെല്ലാം ഓൺലൈനായി നൽകുന്നതിനൊപ്പം വോട്ടർപട്ടിക പുതുക്കൽ നിരന്തര പ്രക്രിയയാക്കും. നടപടികൾ ഓൺലൈനാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷനും കേരള ഡിജിറ്റൽ സർവകലാശാലയും കഴിഞ്ഞദിവസം കരാർ ഒപ്പിട്ടു.

പരീക്ഷണങ്ങൾ ഉപതിരഞ്ഞെടുപ്പുകളിൽ ഘട്ടംഘട്ടമായി നടപ്പാക്കാനാണ് തീരുമാനം. ഉദ്യോഗസ്ഥർ വിതരണകേന്ദ്രത്തിലെത്തുന്നതിനു പകരം നേരിട്ട് പോളിങ് സ്റ്റേഷനിൽ എത്തുന്ന രീതി പരീക്ഷണാടിസ്ഥാനത്തിൽ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ നടപ്പാക്കിയത് വിജയകരമായിരുന്നു. അത് വ്യാപിപ്പിക്കാനാണ് തീരുമാനം.

വോട്ടർപട്ടിക തയ്യാറാക്കൽ, ഉദ്യോഗസ്ഥരുടെ വിന്യാസം, പോളിങ് സാമഗ്രികളുടെ ശേഖരണവും വിതരണവും, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം, തിരഞ്ഞെടുപ്പ് വിവരങ്ങളുടെ അപഗ്രഥനം തുടങ്ങിയവയ്ക്ക് വിവര സാങ്കേതികവിദ്യാ സങ്കേതങ്ങൾ ഉൾപ്പെടുത്തും. നയപരമായകാര്യങ്ങൾ സർക്കാരുമായി ആലോചിച്ചും പ്രായോഗികകാര്യങ്ങൾ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുമായി ചർച്ചചെയ്തുമാണ് അന്തിമമാക്കുക.

ലളിതവും സുതാര്യവുമാക്കും

തിരഞ്ഞെടുപ്പ് നടപടികൾ സുതാര്യവും ലളിതവുമാക്കുന്ന പ്രായോഗികകാര്യങ്ങളാണ് നടപ്പാക്കുക. പോളിങ് ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കും. പലതലങ്ങളിൽനിന്ന് അഭിപ്രായശേഖരണം നടത്തിയിട്ടുണ്ട്- എ. ഷാജഹാൻ, തിരഞ്ഞടുപ്പ് കമ്മിഷണർ.