കൊച്ചി: പ്രവർത്തകരെ ഹൈടെക്കാക്കാൻ എൻ.സി.പി.യും. ഇതിന്റെ ഭാഗമായി, എല്ലാ മണ്ഡലത്തിലും സാമൂഹികമാധ്യമ മാനേജർമാരെ നിയമിക്കും. മണ്ഡലംതലത്തിൽ വാട്‌സാപ്പ് ഗ്രൂപ്പുകളുമുണ്ടാക്കും.

മണ്ഡലങ്ങളിൽ സാമൂഹികമാധ്യമ മാനേജർമാരെ ബ്ലോക്ക് പ്രസിഡന്റുമാർ കണ്ടെത്തണം. കഴിഞ്ഞദിവസം നടന്ന എൻ.സി.പി. സംസ്ഥാന ശില്പശാലയിലെ പ്രധാന ചർച്ച സാമൂഹികമാധ്യമങ്ങളെ എങ്ങനെ കൈകാര്യംചെയ്യണമെന്നതായിരുന്നു. സ്വയംനിയന്ത്രണത്തോടെ നവമാധ്യമത്തിന്റെ സാധ്യതകൾ ഉപയോഗിക്കാനാണ് നിർദേശം നൽകിയത്.

നേതൃത്വത്തിനെതിരേ വിമർശനം രൂക്ഷമാകുന്നതിനിടെയാണ് പുതിയ നയവുമായി പാർട്ടി രംഗത്തുവന്നത്.

കോൺഗ്രസിനു സമാനമായി ജംബോകമ്മിറ്റികൾ വേണ്ടെന്ന നിലപാട് എൻ.സി.പി. സ്വീകരിച്ചിട്ടുണ്ട്. ജില്ലകളിൽ പ്രസിഡന്റിനെയും ട്രഷററെയും കൂടാതെ മൂന്ന് വൈസ് പ്രസിഡന്റുമാരും 15 ജനറൽ സെക്രട്ടറിമാരുമാകും ഉണ്ടാവുക. വയനാട്, കാസർകോട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ രണ്ടു വൈസ് പ്രസിഡന്റുമാരും പത്തു ജനറൽ സെക്രട്ടറിമാരുമായിരിക്കും.