തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ബി.ജെ.പി. പ്രവർത്തകർ തിങ്കളാഴ്ചമുതൽ സംസ്ഥാനത്തെ എല്ലാ ബൂത്തുകളിൽനിന്നും പ്രധാനമന്ത്രിക്ക് ആശംസാകാർഡുകൾ അയക്കും. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തിരൂർ പോസ്റ്റോഫീസിൽനിന്ന് ആശംസാ സന്ദേശമയച്ച് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.

പ്രമുഖ വ്യക്തികളെയും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെയും പ്രചാരണത്തിൽ പങ്കാളികളാക്കും. മറ്റു നേതാക്കളും പരിപാടിയുടെ ഭാഗമാവും. സൗജന്യ വാക്സിനും സൗജന്യ റേഷനും ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾ നടപ്പാക്കിയതിന് നന്ദി അറിയിച്ചും ജന്മദിനാശംസകൾ അർപ്പിച്ചുമാണ് ആശംസാ കാർഡുകൾ അയക്കുന്നത്.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും കണ്ണൂരിൽ പി.കെ. കൃഷ്ണദാസും നേതൃത്വംനൽകും. കാസർകോട്ട് എ.പി. അബ്ദുള്ളക്കുട്ടി, കോഴിക്കോട്ട് എം.ടി. രമേശ്, പാലക്കാട്ട് സി. കൃഷ്ണകുമാർ, തൃശ്ശൂരിൽ എ.എൻ. രാധാകൃഷ്ണൻ, എറണാകുളത്ത് ഡോ. കെ.എസ്. രാധാകൃഷ്ണൻ, പത്തനംതിട്ടയിൽ പി. സുധീർ, കൊല്ലത്ത് ജോർജ് കുര്യൻ എന്നിവർ പങ്കെടുക്കും.