തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്നുവിൽപ്പനയ്ക്ക് ആനുപാതികമായി ഗുണനിലവാരപരിശോധന നടക്കുന്നില്ലെന്ന ‘മാതൃഭൂമി’ വാർത്തയുടെ അടിസ്ഥാനത്തിൽ ഡ്രഗ്‌സ് കൺട്രോൾ വകുപ്പിൽനിന്നു മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി.

ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിൽ ആവശ്യത്തിന് ഇൻസ്പെക്ടർമാരില്ലാത്തതിനാൽ മരുന്നുപരിശോധന കാര്യക്ഷമമാകുന്നില്ലെന്ന് അക്കൗണ്ടന്റ് ജനറൽ, നിയമസഭാസമിതി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പ് എന്നിവ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയാണ് ‘മാതൃഭൂമി’ വാർത്ത നൽകിയത്.

രണ്ടരലക്ഷം ബാച്ച് മരുന്നുകൾ വിപണിയിലുള്ള സംസ്ഥാനത്ത് മാസം ഗുണനിലവാരപരിശോധന നടത്തുന്നത് 800-ൽ താഴെ മരുന്നുകളാണ്. ഗുണനിലവാരം പരിശോധിക്കാതെ, മരുന്നുകൾ വിറ്റഴിയാനുള്ള സാധ്യതയുണ്ട്.

ജി.എസ്.ടി. ഏർപ്പെടുത്തിയതോടെ ഇതരസംസ്ഥാന വിതരണക്കാരിൽനിന്നു നേരിട്ട് സംസ്ഥാനത്തെ വിൽപ്പനകേന്ദ്രങ്ങളിൽ മരുന്ന് എത്തുന്നുണ്ട്. ഇവ പരിശോധിക്കപ്പെട്ടില്ലെങ്കിൽ അപകടസാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രി ഇടപെട്ടത്.