പാലാ: ഐക്യരാഷ്ട്രസഭയുടെ അമേരിക്കൻ പ്രതിനിധിയായി ബാലാവകാശപ്രസംഗം നടത്തിയത് പാലാക്കാരിയായ വിദ്യാർഥിനി എയ്മിലിൻ റോസ് തോമസ്. എയ്മിലിനെ ഐക്യരാഷ്ട്രസഭാ മുൻ ഉദ്യോഗസ്ഥൻ കൂടിയായ ശശി തരൂർ എം.പി.യും മാണി സി. കാപ്പൻ എം.എൽ.എ.യും അഭിനന്ദിച്ചു. ഫിലാഡെൽഫിയായിൽ സ്ഥിരതാമസമാക്കിയ, പാലാ ആവിമൂട്ടിൽ ജോസ് തോമസിന്റെയും മൂലമറ്റം കുന്നയ്ക്കാട്ട് മെർലിൻ അഗസ്റ്റിന്റെയും മകളാണ് എയ്മിലിൻ. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച് ഐക്യരാഷ്ട്രസഭ ഓൺലൈനായി സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഹൈസ്‌കൂൾ വിദ്യാർഥിനിയായ എയ്മിലിൻ പ്രഭാഷണം നടത്തിയത്. കുട്ടികളുടെ അവകാശസമിതിയുടെ യു.എൻ. ചെയർമാൻ, അസോസിയേറ്റ് ഡയറക്ടർ, യൂനിസെഫ് ആഗോളമേധാവി, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി എന്നിവരായിരുന്നു ഉദ്ഘാടനച്ചടങ്ങിലെ മറ്റ് പ്രഭാഷകർ. പ്രത്യേക പരിചരണത്തിലുള്ള കുട്ടികൾ എന്നതായിരുന്നു ഈ വർഷത്തെ വിഷയം. അപൂർവരോഗങ്ങൾക്കിരയായ സഹോദരൻ ഇമ്മാനുവലിനെ ശുശ്രൂഷിക്കുന്നതിലൂടെ ആർജിച്ച ജീവിതാനുഭവങ്ങളാണ് എയ്മിലിനെ കുട്ടികളുടെ അവകാശങ്ങളുടെ വക്താവാക്കിയത്.