ചങ്ങനാശ്ശേരി: അഖിലേന്ത്യ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറിയും മാധ്യമപ്രവർത്തകനുമായിരുന്ന കുരിശുംമൂട് മുക്കാട്ട് വീട്ടിൽ ബേബിച്ചൻ (ബേബിച്ചൻ മുക്കാടൻ-67) അന്തരിച്ചു. ഭാര്യ: സാലിമ്മ കൈനിക്കര കുടുംബാംഗം. മക്കൾ: ലിയ, പ്രിയ. മരുമക്കൾ: ബിജോ പുതുവീട്ടിൽ, എബിസൺ പരുവക്കാട്.

കോവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹം ഞായറാഴ്ച പുലർച്ചെ 4.30-ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. നാൽപ്പതിലേറെ വർഷമായി റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംഘടനയുടെ സംസ്ഥാന, ദേശീയ ഭാരവാഹിയായിരുന്നു. റേഷൻ വ്യാപാരികളുടെയും കാർഡ് ഉടമകളുടെയും ക്ഷേമത്തിനായി നിലകൊണ്ട പൊതുപ്രവർത്തകനാണ്. ഇക്കാര്യങ്ങൾക്കായി ബേബിച്ചൻ നിരവധി സമരപോരാട്ടങ്ങൾ നടത്തി.

ചങ്ങനാശ്ശേരി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, വാഴപ്പള്ളി സഹകരണബാങ്ക് എന്നിവയുടെ ഡയറക്ടർബോർഡംഗം, ചീരഞ്ചിറ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും എക്‌സ്‌പ്രസ് ദിനപത്രത്തിന്റെ ലേഖകനായും കോട്ടയം ന്യൂസ് ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായും ദീർഘകാലം പ്രവർത്തിച്ചു. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പാറേൽ പള്ളി സെമിത്തേരിയിൽ.