കോട്ടയം: കോൺഗ്രസിനെയോ ഘടകകക്ഷികളെയോ ആക്രമിക്കാതെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ തിരഞ്ഞെടുപ്പ് വിലയിരുത്തൽ. സർക്കാർ അനുകൂലതരംഗമാണ് കേരളത്തിലുണ്ടായതെന്ന് വിവിധ ജില്ലാ കമ്മിറ്റികളിൽനിന്ന് സമാഹരിച്ച വിലയിരുത്തലിൽ പറയുന്നു. അതേസമയം തിരഞ്ഞെടുപ്പ് വിലയിരുത്തൽ റിപ്പോർട്ട് രൂപത്തിൽ സ്വീകരിച്ചിട്ടില്ലെന്നും ജില്ലാ നേതൃത്വം നൽകിയ വിവരങ്ങൾ ഏതുസമയവും സമാഹരിച്ച് റിപ്പോർട്ടാക്കി മാറ്റാമെന്നും നേതൃത്വം അറിയിച്ചു.

എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് പ്രവർത്തകർ സജീവമായി ഉണ്ടായിരുന്നു. അതേസമയം ഏറ്റുമാനൂരിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്ന ലതികാ സുഭാഷ് വിമതസ്ഥാനാർഥിയായത് ഇടതുമുന്നണി യു.ഡി.എഫിനെതിരെ പ്രചാരണായുധമാക്കിയെന്നും വിലയിരുത്തലുണ്ട്. ലതികാ സുഭാഷ് സ്ഥാനാർത്ഥിയായത് ദോഷമുണ്ടാക്കുമെന്ന് യു.‍ഡി.എഫ്. കരുതിയില്ല. പക്ഷേ, യു.ഡി.എഫിന് അത് ദോഷം ചെയ്യുമെന്ന് ഇടതുമുന്നണി പ്രചരിപ്പിച്ചത് വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി.

ചങ്ങനാശ്ശേരി മണ്ഡലത്തിൽ സി.എഫ്.തോമസ് മത്സരിച്ചിരുന്ന കാലത്തേതിൽനിന്ന് വോട്ടിങ് രീതി മാറിപ്പോയി. മുസ്‍ലിം, ഇൗഴവ വോട്ടുകൾ വലിയതോതിൽ ഇടതുമുന്നണിയിലേക്ക് പോയി. എൻ.എസ്.എസ്. നിലപാട് യു.ഡി.എഫിന് അനുകൂലമായിരുന്നു.

ഇടുക്കിയിൽ ഫ്രാൻസിസ് ജോർജ് പ്രചാരണത്തിനെത്താൻ താമസിച്ചു. അദ്ദേഹം മൂവാറ്റുപുഴയിലോ ഇടുക്കിയിലോ എന്നതിൽ തീരുമാനം വന്നത് താമസിച്ചാണ്. യു.ഡി.എഫ്. ശക്തികേന്ദ്രമായിരുന്നെങ്കിലും കുറെ കോൺഗ്രസ് പ്രവർത്തകർ ഇ.എം.ആഗസ്തിക്കുവേണ്ടി പ്രചാരണത്തിന് പോയി. ഇത് പ്രചാരണത്തെ ബാധിച്ചു. പക്ഷേ, കോൺഗ്രസ് വോട്ടുകൾ കുറഞ്ഞില്ല.

തിരുവല്ലയിൽ പരമ്പരാഗത യു.ഡി.എഫ്. വോട്ടുകളിൽനിന്ന് ഒരു ഭാഗം ഇടത്തേക്ക്‌ പോയി. പെന്തക്കോസ്ത്‌ വിഭാഗങ്ങളുടെ വോട്ടും ചോർന്നു.

തൊടുപുഴയിൽ കഴിഞ്ഞതവണ ബി.ഡി.ജെ.എസ്. നേടിയ വോട്ടുകൾക്കൂടി ഇടത്തേക്ക്‌ പോയതാണ് പി.ജെ.ജോസഫിന്റെ ഭൂരിപക്ഷം കുറച്ചത്. ഇടതുസ്ഥാനാർഥി നല്ല പ്രകടനവും കാഴ്ചവെച്ചു. ഇരിങ്ങാലക്കുടയിലും സമാനമായ പ്രതിഭാസമാണ് കണ്ടത്.

ബി.ഡി.ജെ.എസ്. വോട്ടുകൾ എൻ.ഡി.എ. മുന്നണിയിൽനിന്ന് ഇടത്തേക്ക്‌ ചോർന്നത് പലയിടത്തും ഇടത് അനുകൂലസ്ഥിതിയുണ്ടാക്കി. ബി.ജെ.പി. സ്ഥാനാർഥി ജേക്കബ് തോമസ് നേടിയ വോട്ടുകളും യു.ഡി.എഫ്. സാധ്യത കുറച്ചു. പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് ജേക്കബ് തോമസ് കാഴ്ചവെച്ചത്.

കോതമംഗലത്ത് സ്ഥാനാർഥി യാക്കോബായ വിഭാഗമായിരുന്നെങ്കിലും ആ വോട്ടുകൾ പൂർണമായി കിട്ടിയില്ല. എതിർഭാഗത്ത് കത്തോലിക്കാ വിഭാഗത്തിന്റെ വോട്ടുകൾ ഏകീകരിച്ചു. കടുത്തുരുത്തിയിൽ മുന്നണി ഐക്യത്തോടെ പ്രവർത്തിച്ചു. സ്ഥാനാർഥിയുടെ വ്യക്തിബന്ധങ്ങളും ഇടതുതരംഗത്തിൽ നിർണായകമായി.