കോട്ടയം: കറിവയ്ക്കാൻ പാകത്തിന് വൃത്തിയാക്കിയ മത്സ്യം സംസ്ഥാന തീരദേശ വികസന കോർപറേഷൻ വീട്ടുപടിക്കലെത്തിക്കുന്നു. ഇതിനുള്ള ‘മീമീ ആപ്പി’ൻറെ സേവനം കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കും വ്യാപിപ്പിക്കും. മൂന്ന് ജില്ലകളിലുമായി 16 നഗരസഭകളിലും 55 പഞ്ചായത്തുകളിലേക്കുമാണ് ആപ്പ് സേവനമെത്തുന്നത്. പരിവർത്തനം പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച ഈ ആപ്പിലൂടെ ഗുണമേൻമയുള്ള രാസവസ്തുരഹിതമായ മത്സ്യം വൃത്തിയാക്കി വീട്ടുപടിക്കൽ ലഭിക്കും. അരക്കിലോ പായ്ക്കറ്റിലാണിത്.

ഇൻസ്റ്റാൾ ചെയ്യേണ്ടത് ഇങ്ങനെ

https://play.google.com/store/apps/details എന്ന ലിങ്കിലൂടെയോ ഫോണിലുള്ള പ്ലേ സ്റ്റോർ ആപ്പിലൂടെയോ മീമീ ആപ്പ് കിട്ടും. മീമീ സ്റ്റാളുകൾ പൂർണസജ്ജമാകുന്നതുവരെ വിതരണകേന്ദ്രങ്ങൾ വഴിയാകും മീനെത്തിക്കുക. സ്റ്റാളുകളാരംഭിക്കുന്നതിന് മുന്നോടിയായി വിതരണകേന്ദ്രങ്ങൾ അനുവദിക്കും.

മേൽപറഞ്ഞ മൂന്ന് ജില്ലകളിൽ മീമീ സ്റ്റോറുകൾ തുറക്കാൻ താത്പര്യമുള്ളവർക്ക് www.parivarthanam.org എന്ന വെബ്സൈറ്റിലോ അല്ലെങ്കിൽ +91 9383454647 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടാം. ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ ആറ് വീതം നഗരസഭകളിലും 20 വീതം പഞ്ചായത്തുകളിലുമാണ് മത്സ്യം ലഭ്യമാക്കുന്നത്. പത്തനംതിട്ടയിൽ നാല് നഗരസഭകളിലും 15 പഞ്ചായത്തുകളിലും ‘മീമീ’ ലഭിക്കും.

ഉപഭോക്താക്കളുടെ ആരോഗ്യത്തിന് അതീവശ്രദ്ധ നൽകുന്ന ‘മീമീ’യുടെ സംഭരണം, സംസ്കരണം, പായ്ക്കിങ്‌ മുതലായവ അന്താരാഷ്ട്ര മാനദണ്ഡം പാലിച്ചെന്ന് ഉറപ്പുവരുത്തും. കടലിൻറെ ഏത് ഭാഗത്തുനിന്ന് കിട്ടിയ മത്സ്യം എന്നതുമുതൽ മത്സ്യബന്ധനത്തൊഴിലാളികളുടെയും വള്ളങ്ങളുടെയും വിവരമടക്കം ഉപഭോക്താക്കൾക്ക് അറിയാം. പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽനിന്നും വിശ്വാസ്യതയുള്ള മത്സ്യക്കൃഷിയിടങ്ങളിൽനിന്നുമാണ് മത്സ്യം സംഭരിക്കുന്നത്. യൂറോപ്യൻ യൂണിയൻ നിഷ്കർഷിച്ചിട്ടുള്ള ഗുണമേന്മാ മാനദണ്ഡങ്ങളാണ് സംഭരണം, സംസ്കരണം, സൂക്ഷിക്കൽ എന്നിവയ്ക്കുള്ളത്.