കോട്ടയം: ചരക്കുനീക്കത്തിന്‌ വേഗം കൂട്ടാൻ തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ഹാൻഡ്‌ലിങ്‌ ഏജന്റുമാർക്കും ഓൺലൈനായി പണമടയ്ക്കാവുന്ന സംവിധാനം ഏർപ്പെടുത്തി. തിരുവനന്തപുരം ഡിവിഷനിലാണ്‌ രാജ്യത്ത് ആദ്യമായി ഹാൻഡ്‌ലിങ്‌ ഏജന്റുമാർക്കും ഓൺലൈനായി പണമടയ്ക്കാവുന്ന സംവിധാനം വന്നത്‌. സെപ്‌റ്റംബർ 11 മുതൽ ഈ സംവിധാനം നിലവിൽ വന്നു.

ഗുഡ്‌സ്‌ ട്രെയിനുകളിൽ ചരക്ക്‌ അയക്കുന്ന കമ്പനികൾക്ക്‌ നേരിട്ട്‌ ഓൺലൈനായി പണമടയ്ക്കാവുന്ന സംവിധാനം ജൂണിൽ നിലവിൽ വന്നിരുന്നു. എന്നാൽ സ്റ്റേഷനുകളിൽനിന്ന്‌ ചരക്കുനീക്കത്തിന്‌ മിക്ക കമ്പനികളും ഹാൻഡ്‌ലിങ്‌ ഏജന്റുമാരുമായാണ്‌ കരാറിലേർപ്പെട്ടിട്ടുള്ളത്‌. ഇതോടെയാണ്‌ ഏജന്റുമാർക്കും ഓൺലൈനായി പണമടയ്ക്കാൻ സംവിധാനം ഏർപ്പെടുത്തിയത്‌.

ഫ്രൈറ്റ്‌ ഓപ്പറേഷൻ ഇൻഫർമേഷൻ സിസ്റ്റം, ഫ്രൈറ്റ്‌ ബിസിനസ്‌ ഡെവലപ്‌മെന്റ്‌ പോർട്ടൽ വഴിയാണ്‌ ഓൺലൈനായി പണമടയ്ക്കാനുള്ള സംവിധാനം. ഇതുവരെ നേരിട്ടോ ഡി.ഡി. മുഖേനയോ ആണ്‌ ഏജന്റുമാർ പണമടച്ചിരുന്നത്‌.

24 മണിക്കൂറും പ്രവർത്തിക്കുമെന്നതിനാൽ ഇനി ഏതുസമയത്തും പണമടച്ച്‌ ചരക്കുനീക്കം വേഗത്തിലാക്കാം. ഇതിനായി നിരവധി പേയ്‌മെന്റ്‌ ഓപ്‌ഷനുകളും പോർട്ടലിൽ ലഭ്യം. ഓൺലൈനായിത്തന്നെ ടാക്‌സ്‌ ഇൻവോയിസും ലഭ്യമാകും. തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ കീഴിൽ 22 ഹാൻഡ്‌ലിങ്‌ ഏജന്റുമാരാണുള്ളത്‌. ഇതിൽ പത്ത് ഹാൻഡ്‌ലിങ്‌ ഏജന്റുമാർ ഓൺലൈനായി പണമടയ്ക്കാൻ രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു.