കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ കത്തികളും കഞ്ചാവ് ബീഡികളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. മൊബൈൽ ഫോൺ ചാർജർ, പവർബാങ്ക്, ബീഡി, ബാറ്ററി സെല്ലുകൾ എന്നിവയും പിടിച്ചെടുത്തു. പലതും ജയിൽ വളപ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരമായിരുന്നു പരിശോധന.

തടവുശിക്ഷയനുഭവിക്കുന്ന കൊടി സുനി ജയിലിൽനിന്ന്‌ ഫോൺ ചെയ്തത് കണ്ടെത്തിയ സാഹചര്യത്തിൽ വിയ്യൂർ സെൻട്രൽ ജയിലിലും മറ്റും റെയ്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കണ്ണൂരിലേതുൾപ്പെടെ മറ്റ് ജയിലുകളിലും റെയ്ഡ് നടത്താൻ തീരുമാനിച്ചത്.

കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് റോമിയോ ജോണിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ജില്ലാജയിൽ, സ്പെഷ്യൽ സബ്ജയിൽ എന്നിവിടങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്. ജയിൽവളപ്പിൽ കൂടുതൽ സാധനങ്ങൾ കുഴിച്ചിട്ടുണ്ടോയെന്ന് വരുംദിവസങ്ങളിൽ പരിശോധിക്കും. നിരോധിത സാധനങ്ങൾ പിടിച്ചെടുത്ത കാര്യം ജയിൽ ഡി.ജി.പി.യെയും അറിയിച്ചു.