:കാൽനൂറ്റാണ്ടുമുൻപ് പ്രിൻസ് ജോൺ എന്ന നാട്ടിൻപുറത്തുകാരൻ കംപ്യൂട്ടർ സയൻസിൽ ഡിപ്ലോമ നേടി ബെംഗളൂരുവിൽ പോയി. ഉദ്യാന നഗരിയിൽ കുതിച്ചുയരുന്ന വിവരവിജ്ഞാന മേഖലയായിരുന്നു ലക്ഷ്യം. ചെറിയ ശമ്പളത്തിന് ഒരു കമ്പനിയിൽ ജോലികിട്ടി. പരിചയം നേടിയപ്പോൾ കമ്പനികൾ മാറി, ശമ്പളം മെച്ചപ്പെട്ടു. ബി.ടെക്കും എം.ടെക്കും സ്വന്തമായി പഠിച്ചെടുത്തു. വീട്ടിൽ സാന്നിധ്യം അനിവാര്യമായപ്പോൾ അഞ്ചുവർഷം മുമ്പ് സ്വന്തം നാടായ കരുവഞ്ചാലിലേക്ക് മടങ്ങേണ്ടിവന്നു.

കേവലം ഒരു ലാപ്‌ടോപ്പുമായി നാട്ടിൽ തിരിച്ചെത്തിയ പ്രിൻസിന് വിവിധ കമ്പനികളിലെ സൽപ്പേര് ബാക്കിയുണ്ടായിരുന്നു. അന്ന് കോവിഡും വർക്ക് അറ്റ് ഹോമും വന്നിട്ടില്ല. പക്ഷേ വീട്ടിലിരുന്ന് ചെയ്യാവുന്ന ചെറിയ ജോലികൾ കമ്പനികൾ ഏൽപ്പിച്ചു. അത് കൃത്യമായി ചെയ്തുകൊടുത്തു. ക്രമേണ ജോലികളുടെ വലിപ്പവും ഉത്തരവാദിത്വവും കൂടി. ഇന്ന് വാഹന ഭീമൻമാരായ വോൾവോയ്ക്കും ഫോക്സ് വാഗണും ബെംഗളൂരു കമ്പനികൾ മുഖേന സോഫ്‌റ്റ്‌വെയർ ജോലികൾ ചെയ്തുകൊടുക്കുക മാത്രമല്ല, കരുവഞ്ചാലിലെ തന്റെ ചെറിയ ഓഫീസിൽ നാലുപേർക്ക് അരലക്ഷംരൂപ വരെ ശമ്പളത്തിൽ ജോലിയും കൊടുക്കുന്നു പ്രിൻസ്.

സാധ്യതകളുടെ ലോകം

തൊഴിലിനുവേണ്ടി പരക്കംപായുന്ന കണ്ണൂരിലെ ചെറുപ്പക്കാരുടെ മുമ്പിൽ ഒരു സാധ്യത തുറന്നിടുകയാണ് പ്രിൻസ്. അനുദിനം വളരുകയും വൈവിധ്യവത്കരിക്കപ്പെടുകയും വികേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്ന ഐ.ടി. വ്യവസായത്തിന്റെ അനന്തസാധ്യത. വർക്ക് അറ്റ് ഹോം ഒരു ശീലമായതോടെ വലിയ ഓഫീസുകൾ തുറന്ന് നൂറുകണക്കിനാളുകളെ ജോലിക്കുവെയ്ക്കുന്ന രീതിയിൽനിന്ന് കമ്പനികൾ ക്രമേണയെങ്കിലും പിൻമാറുകയാണ്. അവിടെയാണ് ചെറിയ നിക്ഷേപത്തിലൂടെയുള്ള തൊഴിൽസാധ്യത തുറന്നുകിട്ടുന്നത്. ഒന്നോർക്കുക: ഐ.ടി. മേഖല വളരുകതന്നെയാണ്.

കോവിഡ് മഹാമാരിയുടെ ഉഗ്രകോപത്തിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർന്നടിഞ്ഞപ്പോൾ പിടിച്ചുനിന്ന ചുരുക്കം മേഖലകളിലൊന്നാണിത്. കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്തെ ഐ.ടി. മേഖല 19,400 കോടി ഡോളറിന്റെ (ഏകദേശം 13,58,000 കോടി രൂപ) വരുമാനമുണ്ടാക്കി. മുൻ വർഷത്തേക്കാൾ 2.2 ശതമാനം വളർച്ച. രാജ്യത്തിന്റെ സമ്പദ്‌‌വ്യവസ്ഥ 7.3 ശതമാനം തളർന്നപ്പോഴാണിത്! തൊഴിലില്ലായ്മ 43 ശതമാനം എത്തിയപ്പോഴും കോടിക്കണക്കിനാളുകൾക്ക് തൊഴിൽ നഷ്ടമായപ്പോഴും ഐ.ടി. മേഖല 1.43 ലക്ഷം പേർക്ക് അധികമായി തൊഴിൽ കൊടുത്തു. ഇന്ന് രാജ്യത്തെ നാലായിരത്തോളം കമ്പനികളിലായി 44.7 ലക്ഷം പേർ ജോലി ചെയ്യുന്നു. സംഘടിത സ്വകാര്യമേഖലയിലെ ഏറ്റവും വലിയ തൊഴിൽദായകരാണ് ഐ.ടി. കമ്പനികൾ. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന് എട്ടുശതമാനം ഈ മേഖല സംഭാവന ചെയ്യുന്നു.

കണ്ണൂർ പിന്നിൽ

പക്ഷേ നിർഭാഗ്യമെന്ന് പറയണം, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ മുന്നിൽ നിൽക്കുന്ന കേരളം ഈ സാധ്യത പ്രയോജനപ്പെടുത്തുന്നതിൽ പിന്നാക്കമായി, കണ്ണൂർ അതിപിന്നാക്കവും. സംസ്ഥാന ആസൂത്രണ കമ്മിഷന്റെ കണക്കുപ്രകാരം മൂന്ന് ഐ.ടി. പാർക്കുകളിലായി 196 ലക്ഷം ചതുരശ്രയടി നിർമിതവിസ്തൃതിയും 49821.1 കോടിരൂപ നിക്ഷേപവും നടത്തിയ കേരളത്തിൽ ഈ രംഗത്ത് ആകെ 1,09,740 പേരേ ജോലി ചെയ്യുന്നുള്ളൂ. രാജ്യത്തിന്റെ കേവലം 0.024 ശതമാനം. വരുമാനമാകട്ടെ 22,022 കോടി മാത്രം. അതിന്റെ ശതമാനക്കണക്ക് പുറത്തുപറയാൻ കൊള്ളാത്തത്ര തുച്ഛം. ഇതുപോലും തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു.

വിമാനത്താവളം വന്നിട്ടും കേരളത്തിന്റെപോലും ഐ.ടി. റഡാറിൽ കണ്ണൂർ വന്നിട്ടില്ല. ജില്ലാ വ്യവസായകേന്ദ്രത്തിന്റെ കണക്കനുസരിച്ച് 151 ചെറുകിട, ഇടത്തരം കമ്പനികൾ ഐ.ടി. മേഖലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏറിയാൽ 1000 പേർ അതിൽ ജോലിചെയ്യുന്നുണ്ടാകും. അത്ര ചെറുതാണ് നമ്മൾ. പക്ഷേ, തീർച്ചയായും ഒന്നുമില്ലാത്തതിനേക്കാൾ ഭേദമാണത്. കൃത്യമായ ആസൂത്രണവും കരുതലുമുണ്ടെങ്കിൽ അതിനെ വളർത്തിയെടുക്കാം. അതിനുമുമ്പ് ഇതുവരെ സംഭവിച്ച പാളിച്ചകൾ തിരിച്ചറിയുകയും വേണം.

ഐ.ടി. വരുമാനം

ഇന്ത്യ-13,58,000 കോടി രൂപ

കേരളം-22,022 കോടി രൂപ

കണ്ണൂർ-കണക്കിൽ വരാത്തത്ര തുച്ഛം

ഐ.ടി. മേഖലയിലെ ജോലി

ഇന്ത്യ-44.7 ലക്ഷം

കേരളം- 1,09,740

കണ്ണൂർ-ഏറിയാൽ 1000

(തുടരും)