കൊച്ചി: അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എം. റോയിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട. കൊച്ചി തേവര സെയ്‌ന്റ് ജോസഫ് പള്ളിയിലായിരുന്നു സംസ്‌കാരം. ഒമ്പതരയ്ക്ക് എറണാകുളം പ്രസ് ക്ലബ്ബ് അങ്കണത്തിൽ പൊതുദർശനത്തിനു വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ മാധ്യമ സമൂഹവും രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും എത്തി.

എം.എൽ.എ.മാരായ ടി.ജെ. വിനോദ്, കെ. ബാബു, മുൻ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എസ്. ശർമ, മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്, കൊച്ചി മുൻ മേയർ ടോണി ചമ്മണി, നഗരസഭാ കൗൺസിലർമാർ, വിവിധ സംഘടനാ നേതാക്കൾ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ പ്രസ് ക്ലബ്ബ് അങ്കണത്തിൽ എത്തി കെ.എം. റോയിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.

കേരള പത്രപ്രവർത്തക യൂണിയനു വേണ്ടി സംസ്ഥാന വൈസ് പ്രസിഡന്റ് നിഷ പുരുഷോത്തമൻ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ആർ. ഗോപകുമാർ എന്നിവരും എറണാകുളം പ്രസ്‌ ക്ലബ്ബിന് വേണ്ടി പ്രസിഡന്റ് ഫിലിപ്പോസ് മാത്യു, സെക്രട്ടറി പി. ശശികാന്ത്, വൈസ് പ്രസിഡന്റ് ജിപ്‌സൺ സിക്കേര, ടോമി മാത്യു എന്നിവരും ചേർന്ന് പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് വിലാപയാത്രയായി കെ.എം. റോയിയുടെ മൃതദേഹം തേവര സെയ്‌ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.