ആലപ്പുഴ: കെ.പി.എം.എസിൽ ഭിന്നിച്ചുനിന്ന ടി.വി. ബാബു, പുന്നല വിഭാഗങ്ങൾ ഒരുമിക്കാൻ തീരുമാനിച്ചു. രണ്ടു സംഘടനകളുടെയും ജനറൽ സെക്രട്ടറിമാരായ പുന്നല ശ്രീകുമാറും തുറവൂർ സുരേഷും തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി.

കെ.പി.എം.എസ്. രൂപവത്കരണത്തിന്റെ കനകജൂബിലിവർഷത്തിൽ പുലയർക്ക് ഒരു സംഘടന, ഒരു നേതൃത്വം, ഒരേ ലക്ഷ്യം എന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഒരുമിക്കുന്നതെന്നു നേതാക്കൾ പറഞ്ഞു. ഒക്ടോബർ 10-നു ചേരുന്ന ജനറൽ കൗൺസിൽ പ്രഖ്യാപനം നടത്തും.

2010 ഏപ്രിൽ 24-ന് ഭിന്നിച്ചുപോയവരാണ് ഇപ്പോൾ ഒന്നാകുന്നത്. പുന്നല ശ്രീകുമാർ ഇടതുപക്ഷത്തും ടി.വി. ബാബു വിഭാഗം ബി.ഡി.ജെ.എസിൽ ചേർന്നുമാണ് പ്രവർത്തിച്ചിരുന്നത്. കുറച്ചുനാൾ മുൻപ്‌ ബാബുവും കൂട്ടരും ബി.ഡി.ജെ.എസിൽനിന്നു പുറത്തെത്തിയിരുന്നു. തിരുവനന്തപുരത്തു നടന്ന ചർച്ചയിൽ ഇരുവിഭാഗങ്ങളുടെയും നേതാക്കളായ പി.സി. രഘു, എൽ. രമേശൻ, എം.ടി. മോഹനൻ, എൻ.എൽ. വാഞ്ചു, ഒ.കെ. ബിജു, സാബു വണ്ടിത്തടം എന്നിവർ പങ്കെടുത്തു.