ആലപ്പുഴ: ആയുഷ് വകുപ്പിനു കീഴിലുള്ള ഹോമിയോ, ആയുർവേദം, സിദ്ധ ആശുപത്രികൾ സുഖാരോഗ്യ കേന്ദ്ര (വെൽനസ് സെന്റർ)ങ്ങളാക്കി മാറ്റും. രോഗം വരാതിരിക്കുന്നതിനുള്ള ആരോഗ്യശീലങ്ങളും യോഗയും ഇവിടെ പഠിപ്പിക്കും.

കേന്ദ്രസർക്കാർ നിർദേശപ്രകാരം ഇതിനുള്ള പദ്ധതി രാജ്യത്താകെ ആരംഭിച്ചു. രാജ്യത്തെ 12,500 ആശുപത്രികളിലാണ് ഇത് ആരംഭിക്കുക. കേരളത്തിലെ 600 ഹോമിയോ, ആയുർവേദ, സിദ്ധ ആരോഗ്യകേന്ദ്രങ്ങളിൽ ഇതു പ്രാവർത്തികമാക്കും. 90 ആശുപത്രികളിൽ പദ്ധതി പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

രോഗം വന്നിട്ടു ചികിത്സിക്കാതെ രോഗംവരാതെ നോക്കുക എന്ന ആരോഗ്യ പ്രമാണമാണ് ആയുഷ് മന്ത്രാലയം നടപ്പാക്കുന്നത്. ഓരോ ആശുപത്രിക്കു സമീപവും ഔഷധസസ്യത്തോട്ടം ഒരുക്കും.

നാട്ടുമരുന്ന് ഉപയോഗിച്ചുള്ള പ്രാഥമിക ചികിത്സകൾ ഇത്തരം കേന്ദ്രങ്ങളിലൂടെ പ്രോത്സാഹിപ്പിക്കും. കേരളത്തിലെ 90 ആശുപത്രികളിൽ ഇതിനുള്ള ഒരുക്കങ്ങൾ വേഗത്തിൽ നടന്നുവരികയാണ്. ഹരിത കേരളമിഷന്റെ നേതൃത്വത്തിൽ ഇതിനകം ഔഷധത്തോട്ടങ്ങൾ ഒരുക്കിക്കഴിഞ്ഞു. തുളസി, പനിക്കൂർക്ക ഉൾപ്പെടെ ഏറ്റവും സാധാരണമായ 15 ഔഷധസസ്യങ്ങളാണ് ഇതിന്റെ ഭാഗമായി ഓരോ ആശുപത്രിക്കു മുന്നിലും നട്ടുപിടിപ്പിക്കുന്നത്.

സുഖാരോഗ്യകേന്ദ്രമാക്കി മാറ്റാൻ ഓരോ ആശുപത്രിക്കും നാലരലക്ഷം രൂപവീതം ആയുഷ് മന്ത്രാലയം നീക്കിവെച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾക്കു പുറമേ യോഗാ അധ്യാപകരുടെ ശമ്പളവും ഇതിൽ നിന്നു നൽകണം. അഞ്ച് ആശവർക്കർമാരുടെ സേവനവും ഓരോ കേന്ദ്രത്തിനും ലഭ്യമാക്കും. എൻ.എച്ച്.എമ്മിന് ഇതിനുള്ള നിർദേശം നൽകിയിട്ടുണ്ട്.

ഇതിനുപുറമേ തദ്ദേശ സ്ഥാപനങ്ങൾ ഓരോ ആശുപത്രിക്കും ആവശ്യമായ സൗകര്യങ്ങളേർപ്പെടുത്താൻ സഹായിക്കണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്.