ആലപ്പുഴ: കല്ലുപാലത്തിനു സമീപം പഴയ കെട്ടിടം പൊളിച്ചുനീക്കുന്നതിനിടെ പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞനിലയിൽ മനുഷ്യന്റെ അസ്ഥികൂടങ്ങൾ കണ്ടെത്തി. രണ്ടു തലയോടുകളുടെയും കൈകളുടെയും വാരിയെല്ലിന്റെയും ഭാഗങ്ങളാണ് കണ്ടത്. വർഷങ്ങൾ പഴക്കമുള്ള അസ്ഥികൾ ദ്രവിച്ചുതുടങ്ങിയനിലയിലാണ്. അസ്ഥികളിൽ അടയാളപ്പെടുത്തലുകൾ ഉള്ളതിനാൽ വൈദ്യപഠനാവശ്യത്തിനായി ഡോക്ടർമാർ ഉപയോഗിച്ചതാണെന്നു സംശയമുണ്ട്. സൗത്ത് പോലീസ് മേൽനടപടി സ്വീകരിച്ച് അസ്ഥികൂടം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

എട്ടുവർഷം മുൻപ്‌ ഡോക്ടർ അടക്കമുള്ളവർ വാടകയ്ക്കു താമസിച്ചിരുന്ന കെട്ടിടമാണിത്. തലയോട്ടികൾ രണ്ടായി മുറിച്ചനിലയിലുള്ളവയാണ്. വാരിയെല്ലിന്റെയും അസ്ഥിയുടെയും ഭാഗങ്ങളിൽ അടയാളപ്പെടുത്തിയിട്ടുമുണ്ട്. ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ അസ്ഥിയുടെ കാലപ്പഴക്കം അറിയാൻ കഴിയുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.

ആൾത്താമസമില്ലാത്ത വീടിനു വർഷങ്ങളുടെ പഴക്കമുണ്ട്. വിശാലമായ സ്ഥലവും കെട്ടിടവും അഞ്ചിലധികംപേരുടെ ഉടമസ്ഥതയിൽ കൈമറിഞ്ഞ് ഇപ്പോൾ വ്യാപാരിയായ കണ്ണൻ എന്നയാളാണ് വിലയ്ക്കു വാങ്ങിയത്. കാടുപിടിച്ച സ്ഥലത്ത് ഇഴജന്തുക്കളുടെ ശല്യമുള്ളതായി സമീപവാസികൾ പരാതിപ്പെട്ടതിനെത്തുടർന്ന് ഞായറാഴ്ച രാവിലെ പത്തരയോടെ സ്ഥലം ഉടമ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കാടു നീക്കംചെയ്യൽജോലി തുടങ്ങി. വീടിനു സമീപത്ത് ജീർണാവസ്ഥയിലായ വിറകുപുര പൊളിക്കുന്നതിനിടെയാണ് പ്ളാസ്റ്റിക് കൂടിൽ കെട്ടിയ നിലയിൽ അസ്ഥികൂടങ്ങൾ കണ്ടെത്തിയത്.

വിവരമറിഞ്ഞ് ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവിന്റെ നേതൃത്വത്തിൽ സൗത്ത് പോലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. അസ്ഥികൾ വിശദമായ പരിശോധനയ്ക്കായി പോലീസ് കൊണ്ടുപോയി.

അസ്ഥികൂടവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനായി മുൻകാലത്തെ കെട്ടിട ഉടമകളുടെയും വാടകയ്ക്കു താമസിച്ചവർ അടക്കമുള്ളവരുടെയും വിവരങ്ങൾ പോലീസ് ശേഖരിച്ചുവരുന്നു.

ഇതു താരബംഗ്ളാവ്

തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ലളിത, പദ്മിനി, രാഗിണി എന്നീ ചലച്ചിത്രനടിമാരിൽ ലളിതയുടെ ബംഗ്ളാവായിരുന്നു ഇത്. ലളിതയും ഭർത്താവ് അഡ്വ. ശിവശങ്കരൻ നായരും ഇവിടെ ഏറെക്കാലം താമസിച്ചിരുന്നു. അക്കാലത്ത് ഉദയാ സ്റ്റുഡിയോയിൽ ചിത്രീകരണത്തിനെത്തിയിരുന്ന സത്യൻ, പ്രേംനസീർ തുടങ്ങിയ നടന്മാർ ഈ വീട്ടിലെ അതിഥികളായിട്ടുണ്ട്. മുറ്റത്ത് ആരാധകർ തിക്കിത്തിരക്കുമ്പോൾ വീടിന്റെ മുകളിലത്തെ നിലയിലെ ബാൽക്കെണിയിൽനിന്ന് അവരെ അഭിവാദ്യംചെയ്തിരുന്ന ഈ നടന്മാരെപ്പറ്റി പഴയ തലമുറ ഓർമിക്കുന്നു. സത്യസായി ബാബയും ഈ വീട്ടിൽ സന്ദർശനം നടത്തിയിട്ടുണ്ട്.

പല കാലയളവുകളിലായി സർക്കാർ-സ്വകാര്യ ഓഫീസുകളും ഈ കെട്ടിടത്തിൽ വാടകയ്ക്കു പ്രവർത്തിച്ചിട്ടുണ്ട്. പലയാളുകളും വാടകയ്ക്കു താമസിക്കുകയും ചെയ്തു.