കോട്ടയ്ക്കൽ: പാർട്ടിയെ പുഷ്‌ടിപ്പെടുത്താൻ എടരിക്കോട് മാതൃകയിൽ വമ്പൻ വരവേൽപ്പുസമ്മേളനങ്ങൾ നടത്താനൊരുങ്ങി സംസ്ഥാന കോൺഗ്രസ് കമ്മിറ്റി. മലപ്പുറം ജില്ലയിലെ എടരിക്കോട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച വരവേൽപ്പുപരിപാടിയാണ് കെ.പി.സി.സി.ക്ക് പ്രചോദനമായത്.

തിങ്കളാഴ്‌ച എടരിക്കോട്ടുനടന്ന പരിപാടിയിൽ വിവിധ പാർട്ടികളിൽനിന്നുൾപ്പെടെ 364 പേർ കോൺഗ്രസിൽച്ചേർന്നു. കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ പങ്കെടുത്ത പരിപാടി ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. കോൺഗ്രസിന്റെ ഗ്രൂപ്പുകളിലും സാമൂഹികമാധ്യമങ്ങളിലും വലിയ ചലനമുണ്ടാക്കാൻ പരിപാടിക്കു കഴിഞ്ഞുവെന്ന് മലപ്പുറം ഡി.സി.സി. അധ്യക്ഷൻ വി.എസ്. ജോയ് പറഞ്ഞു.

എടരിക്കോട് മാതൃകയിൽ വരവേൽപ്പുസമ്മേളനങ്ങൾ നടത്താൻ എല്ലാ ഡി.സി.സി.കൾക്കും കെ.പി.സി.സി. കഴിഞ്ഞദിവസംതന്നെ വാക്കാൽ നിർദേശംനൽകി. ‘ജനാധിപത്യത്തിലേക്ക്, മതേതരത്വത്തിലേക്ക്...വരവേൽപ്പ്‌-2021’ എന്നെഴുതിയ, ഗാന്ധിജിയുടെ ചിത്രമുള്ള ലോഗോയും ഇതിനായി തയ്യാറാക്കി. എറണാകുളത്ത് ആയിരംപേർ കോൺഗ്രസിൽചേരുന്ന സമ്മേളനം ഒരാഴ്‌ചയ്ക്കുള്ളിൽ നടക്കും. ഇത്തരം സമ്മേളനങ്ങൾ മത്സരബുദ്ധിയോടെ എല്ലാ ഡി.സി.സി.കളും ഏറ്റെടുക്കണമെന്നതാണ് നേതൃത്വത്തിന്റെ ആവശ്യം.

നേരത്തേ തിരുവനന്തപുരത്ത് ഒരു പരിപാടി നടത്തിയിരുന്നെങ്കിലും അതിന്‌ ഉദ്ദേശിച്ച ‘ഓളം’ ഉണ്ടായില്ലെന്നാണ് വിലയിരുത്തൽ. ഇനി മികച്ച ആസൂത്രണത്തോടെ വേണം പരിപാടികൾ സംഘടിപ്പിക്കാൻ. മഴക്കെടുതി അവസാനിച്ചാലുടൻ മറ്റുജില്ലകളിൽ സമ്മേളനങ്ങൾ നടത്തണം. നേതാക്കൾ അടിക്കടി കൊഴിഞ്ഞുപോകുന്നതു ചൂണ്ടിക്കാട്ടി സി.പി.എം. നടത്തുന്ന പ്രചാരണങ്ങളെ നേരിടാനും കോൺഗ്രസിനു പുതിയ ജീവൻ നൽകാനും വരവേൽപ്പുസമ്മേളനങ്ങൾക്കു കഴിയുമെന്നാണ് കെ.പി.സി.സി.യുടെ കണക്കുകൂട്ടൽ.

ഓളം മാത്രം മതിയോ?

തിങ്കളാഴ്ച എടരിക്കോട്ടെ സമ്മേളനത്തിൽ കോൺഗ്രസിൽ ചേർന്ന 364 പേരിൽ സി.പി.എമ്മിന്റെ ഭാരവാഹിത്വമുണ്ടായിരുന്ന ഒരാൾപോലും ഇല്ലായിരുന്നു. പുതുതായി ചേർന്ന ‘പ്രാദേശിക പ്രമുഖരിൽ’ ഒരാൾ മുൻപ്‌ ബ്ലോക്ക്പഞ്ചായത്ത് അംഗമായിരുന്ന മുസ്‌ലിംലീഗിലെ കെ.പി. നാസർ ആണ്. ഇതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി സി.പി.എം. അണികൾ സാമൂഹികമാധ്യമങ്ങളിൽ പ്രചാരണവുമായി രംഗത്തെത്തിയത് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഇനി വരവേൽപ്പുസമ്മേളനങ്ങളിൽ അംഗത്വമെടുക്കുന്നവരിൽ കുറച്ചുപേരെങ്കിലും എതിർപാർട്ടികളിൽനിന്നുള്ളവരാണെന്ന് ഉറപ്പുവരുത്തേണ്ടിവരും.