കൊണ്ടോട്ടി: കോഴിക്കോട്‌ വിമാനത്താവളത്തിലെ റൺവേ വികസിപ്പിക്കുന്നതിനു സ്ഥലം ഏറ്റെടുത്തുനൽകാൻ സംസ്ഥാന സർക്കാർ കഴിഞ്ഞദിവസം തീരുമാനമെടുത്തെങ്കിലും നേരത്തേ വിമാനത്താവള അതോറിറ്റി ഉപേക്ഷിച്ച പദ്ധതിയാണിത്.

റൺവേ വികസനം, സമാന്തര ടാക്‌സി വേ, പുതിയ ടെർമിനൽ, കാർപാർക്കിങ് ഏരിയ തുടങ്ങിയവയ്ക്കായി 485 ഏക്കർ സ്ഥലം ഏറ്റെടുത്തുനൽകാൻ വർഷങ്ങൾക്കുമുൻപ് എയർപോർട്ട് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. ഭീമമായ ചെലവും പ്രതിസന്ധികളും കണക്കിലെടുത്ത് ഇതിൽനിന്ന് അതോറിറ്റി സ്വയം പിൻമാറുകയായിരുന്നു. വൻതോതിൽ മണ്ണിട്ടുയർത്തി നീളംകൂട്ടാനുള്ള ഭീമമായ ചെലവ് വഹിക്കാനാവില്ലെന്ന് വിലയിരുത്തിയാണ് റൺവേ വികസനം എയർപോർട്ട് അതോറിറ്റി മരവിപ്പിച്ചത്.

പിന്നീട് പുതിയ ടെർമിനൽ കെട്ടിടം, ടാക്‌സി കാർ പാർക്കിങ് ഏരിയ തുടങ്ങിയവയ്ക്കായി 152.25 ഏക്കർ ഭൂമി ഏറ്റെടുത്തുനൽകാനാണ് എയർപോർട്ട് അതോറിറ്റി ആവശ്യപ്പെട്ടിരുന്നത്. ഭൂമി ഏറ്റെടുത്തുനൽകിയാൽ കരിപ്പൂരിൽ 800 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് അതോറിറ്റി വിഭാവനംചെയ്തിരിക്കുന്നത്. റൺവേ വികസനത്തിനടക്കം 248.75 ഏക്കർ ഭൂമി ഏറ്റെടുത്തുനൽകാനാണ് കഴിഞ്ഞദിവസം വിമാനത്താവളത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും യോഗം തീരുമാനിച്ചത്.

അതേസമയം, റൺവേ നവീകരണം എയർപോർട്ട് അതോറിറ്റിയെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിന് സംസ്ഥാനം കനത്ത സമ്മർദം ചെലുത്തേണ്ടിവരും. വികസനപ്രവർത്തനങ്ങൾക്ക് ഭൂമി ഏറ്റെടുത്തു നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രി കേന്ദ്ര വ്യോമയാന മന്ത്രിയുമായി ചർച്ചനടത്തും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സമവായത്തിലെത്തിയാലും എയർപോർട്ട് അതോറിറ്റിയുടെ നിലപാട് നിർണായകമാകും. അതോറിറ്റിയുടെ എൻജിനിയറിങ് വിഭാഗം പരിശോധിച്ചശേഷമാകും ഭൂമി ഏറ്റെടുക്കലിലേക്കു നീങ്ങുകയെന്ന് കഴിഞ്ഞദിവസം യോഗത്തിൽ പങ്കെടുത്ത മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും വി. അബ്ദുറഹിമാനും പറഞ്ഞിരുന്നു.