തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്പരിശോധനയ്ക്ക് സൗകര്യമുള്ള ലാബുകളുടെ എണ്ണം 2113 ആയി. 1425 സർക്കാർ ലാബുകളിലും 688 സ്വകാര്യ ലാബുകളിലുമാണ് ഇപ്പോൾ സൗകര്യമുള്ളത്. ആർ.ടി.പി.സി.ആറിന് 57, സിബി നാറ്റ്-31, ട്രൂനാറ്റ്-68, ആന്റിജൻ-1957 എന്നിങ്ങനെയാണ് പരിശോധനയുള്ള ലാബുകളുടെ കണക്ക്.
കോവിഡ് റിപ്പോർട്ട് ചെയ്ത ജനുവരി 30-ന് ആലപ്പുഴ എൻ.ഐ.വി.യിൽ മാത്രമുണ്ടായിരുന്ന പരിശോധനാ സംവിധാനം ഇപ്പോൾ സംസ്ഥാനം മുഴുവൻ ലഭ്യമാണെന്നു മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. 56 ലക്ഷത്തിലധികം പരിശോധനകളാണ് ആകെ നടത്തിയത്. പ്രതിദിന പരിശോധനകളുടെ എണ്ണം 73,000-ത്തിന് മുകളിൽവരെ ഉയർത്തിയെന്നും മന്ത്രി വ്യക്തമാക്കി.
തുടക്കത്തിൽ 100-ൽതാഴെ മാത്രമായിരുന്നു പ്രതിദിന പരിശോധന. സർക്കാർ ലാബുകളിലേയും സ്വകാര്യ ലാബുകളിലേയും പരിശോധനകൾ ഏകീകൃത ഓൺലൈൻ സംവിധാനമായ ലബോറട്ടറി ഡയഗ്‌നോസിസ് ആൻഡ് മാനേജ്‌മെന്റ് സിസ്റ്റം (എൽ.ഡി.എം.എസ്.) പോർട്ടൽ വഴിയാണ് ഏകോപിപ്പിക്കുന്നത്. മൊബൈലിലൂടെ ഫലം എത്തിക്കാനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.