തിരുവനന്തപുരം: കേരള ഭരണ സർവീസ് (കെ.എ.എസ്.) ആദ്യബാച്ചിനുള്ള മുഖ്യപരീക്ഷ വെള്ളി, ശനി ദിവസങ്ങളിലായി 19 കേന്ദ്രങ്ങളിൽ നടക്കും. ഒന്ന്, രണ്ട് കാറ്റഗറികളിലായി 3190 പേരാണ് പരീക്ഷയെഴുതുന്നത്.
മൂന്ന് പേപ്പറാണ് പരീക്ഷയ്ക്കുള്ളത്. ആദ്യത്തേത് വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 12 വരെയും രണ്ടാമത്തേത് ഉച്ചയ്ക്ക് 1.30 മുതൽ നാലുവരെയുമാണ്. മൂന്നാമത്തെ പേപ്പറിന്റേത് ശനിയാഴ്ച രാവിലെ 9.30 മുതൽ 12 വരെ നടക്കും. അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽരേഖയുടെ അസൽ, നീലയോ കറുപ്പോ മഷിയുള്ള ബോൾ പോയന്റ് പേന, സുതാര്യമായ കുപ്പിയിലുള്ള കുടിവെള്ളം, സാനിറ്റൈസർ എന്നിവ മാത്രമേ ഹാളിനുള്ളിൽ അനുവദിക്കൂ.
പുനഃപരിശോധനയിൽ മാർക്കിൽ വ്യത്യാസമില്ല
കെ.എ.എസ്. പ്രാഥമിക പരീക്ഷയുടെ പുനഃപരിശോധന പൂർത്തിയായ അപേക്ഷകളിലൊന്നും മാർക്കിൽ വ്യത്യാസം കണ്ടെത്താനായില്ലെന്ന് പി.എസ്.സി. അറിയിച്ചു. അവസാന തീയതിയായ സെപ്റ്റംബർ ഒമ്പതിനുശേഷം ലഭിച്ച ചില അപേക്ഷകളിൽ ഫീസ് നേരത്തേ അടച്ചതായി കണ്ടെത്തിയവകൂടി പരിഗണിക്കാൻ തീരുമാനിച്ചിരുന്നു. അവയ്ക്ക് മറുപടി നൽകാനുള്ള നടപടി പൂർത്തിയാകുന്നതായും പി.എസ്.സി. അറിയിച്ചു.