കൊച്ചി: കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ 10 വർഷംവരെ തടവിന് ശിക്ഷിച്ച പ്രതികളെയും അത്രയുംതന്നെ തടവിനു ശിക്ഷിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയ വിചാരണത്തടവുകാരെയും പരോളിലോ ജാമ്യത്തിലോ വിടാമെന്ന് ജസ്റ്റിസ് സി.ടി. രവികുമാർ അധ്യക്ഷനായ ഉന്നതാധികാരസമിതിയുടെ ശുപാർശ. ഈ ആവശ്യം ഉന്നയിച്ച് ജയിൽ ഡി.ജി.പി. നൽകിയ അപേക്ഷ കണക്കിലെടുത്താണ് തീരുമാനം. മയക്കുമരുന്ന്, പോക്സോ, ലൈംഗിക അതിക്രമക്കേസ്, ഹൈവേയിൽ പിടിച്ചുപറിനടത്തിയിട്ടുള്ളവർ എന്നിവർ ഒഴിച്ച് 10 വർഷംവരെ തടവിനു ശിക്ഷിച്ചവരെയും വിചാരണത്തടവുകാരെയും ജയിൽമോചിതരാക്കാമെന്നാണ് ശുപാർശ. ഇതിൽ തീരുമാനം എടുക്കേണ്ടത് സർക്കാരാണ്.
10 വർഷംവരെ തടവിന് ശിക്ഷിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയ 869 വിചാരണത്തടവുകാർ ജയിലിൽ ഉണ്ടെന്നാണ് ജയിൽ ഡി.ജി.പി.യുടെ കത്തിൽ പറയുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഏഴുവർഷംവരെ തടവിന് ശിക്ഷിച്ച തടവുകരെയും, അത്രയുംതന്നെ തടവിന് ശിക്ഷിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയ വിചാരണത്തടവുകാരെയുമാണ് ജയിൽമോചിതരാക്കാൻ അനുമതി. ഇതിന്റെ അടിസ്ഥാനത്തിൽ 690 തടവുകാരെ ജയിൽമോചിതരാക്കി. ഇതുകൊണ്ട് മാത്രം ജയിലിൽ സാമൂഹിക അകലം ഉറപ്പാക്കാൻ കഴിയില്ലെന്നു കാട്ടിയാണ് 10 വർഷം തടവിന് ശിക്ഷിക്കുന്ന കുറ്റങ്ങൾ ചുമത്തിയ തടവുകാരെയും ജയിൽമോചിതരാക്കണമെന്ന അപേക്ഷ സമിതിക്ക് നൽകിയത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ രൂപവത്‌കരിച്ചതാണ് ഹൈപവർ കമ്മിറ്റി. അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ് എന്നിവരാണ് അംഗങ്ങൾ.
സുപ്രീംകോടതിയുടെ കഴിഞ്ഞ മാർച്ച് 23-ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലായിരുന്നു ഏഴുവർഷംവരെ തടവിന് ശിക്ഷിച്ചവരെ ജയിൽമോചിതരാക്കാൻ നിർദേശിച്ചത്.