കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ ‘ശബ്ദരേഖ’ പുറത്തുവന്ന സംഭവത്തിൽ ഓൺലൈൻ വാർത്താ പോർട്ടലിനെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടപടിയെടുത്തേക്കും. ശബ്ദരേഖയിൽ എവിടെയും ‘ഇ.ഡി.’ എന്ന് സ്വപ്‌ന പറയുന്നില്ല. പക്ഷേ, ഓൺലൈൻ പോർട്ടൽ ഇത് ഇ.ഡി.ക്കെതിരേയാണ് സ്വപ്‌ന പറഞ്ഞതെന്ന രീതിയിലാണ് വാർത്ത നൽകിയത്. സ്വപ്‌നയുടെ സംസാരം സ്വപ്‌നയറിയാതെ സ്റ്റിങ് ഓപ്പറേഷനിലൂടെ റെക്കോഡ് ചെയ്തതാണെന്നും അന്വേഷണ ഏജൻസി സംശയിക്കുന്നു.
‘മുഖ്യമന്ത്രിക്കെതിരേ മൊഴി നൽകാൻ ഇ.ഡി. സമ്മർദം ചെലുത്തുന്നു’ എന്നാണ് സ്വപ്‌നയുടെ ശബ്ദരേഖയെ അടിസ്ഥാനമാക്കി ഓൺലൈൻ പോർട്ടൽ വാർത്ത നൽകിയത്. എന്നാൽ, സ്വപ്‌നയുടെ വാക്കുകളിൽ എവിടെയും ‘ഇ.ഡി.’ എന്ന് പരാമർശിക്കുന്നില്ല. പകരം ‘അവർ’ എന്നാണു പറയുന്നത്. ഇതാണ് പോർട്ടലിനെതിരേ നടപടിയെടുക്കാനുള്ള ആലോചനയിലേക്ക് ഇ.ഡി.യെ നയിക്കുന്നത്. ഡൽഹി ഓഫീസുമായി ഇ.ഡി. ആശയവിനിമയം നടത്തിക്കഴിഞ്ഞു.