ശബരിമല: മണ്ഡല മകരവിളക്ക് തീർഥാടനത്തിന് ശബരിമലയിൽ എത്തുന്ന തീർഥാടകർക്ക് സ്‌നാനത്തിന് പമ്പ ത്രിവേണിയിൽ പ്രത്യേക ഷവർ സംവിധാനം.കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പമ്പയാറ്റിലെ സ്നാനം നിരോധിച്ചതിന് പകരമായിട്ടാണ് താത്കാലിക ഷവർ സംവിധാനം പമ്പ ത്രിവേണിയിൽ ഏർപ്പെടുത്തിയത്.
മൂന്നു യൂണിറ്റുകളിലായി 60 ഷവറുകളാണു സജ്ജമാക്കുന്നത്.
ഒരു യൂണിറ്റിലെ 20 ഷവറുകളുടെ നിർമാണം തുലാമാസ പൂജകൾക്ക് മുൻപായി തന്നെ പൂർത്തീകരിച്ചിരുന്നു. മറ്റു രണ്ട് യൂണിറ്റുകളുടെ നിർമാണം ഉടൻ പൂർത്തിയാകും. ആദ്യ ഷവർ യൂണിറ്റിന്റെ നിർമാണ ചെലവ് ഏഴേകാൽ ലക്ഷം രൂപയാണ്. അവശേഷിക്കുന്ന രണ്ടു യൂണിറ്റുകൾക്ക് 20 ലക്ഷത്തോളം രൂപയാണു നിർമാണ ചെലവ്.
പമ്പ ത്രിവേണിയിൽ ദേവസ്വം ബോർഡ് ടോയ്‌ലെറ്റ് ബ്ലോക്കിന്റെ അടുത്തായി പ്രധാന പാതയോട് ചേർന്നാണ് ഷവർ യൂണിറ്റ് നിർമിച്ചിരിക്കുന്നത്. ദേവസ്വം ബോർഡ് സ്ഥലം നൽകിയത് പ്രകാരം ഇറിഗേഷൻ വകുപ്പാണ് ഷവറുകൾ നിർമിക്കുന്നത്.
ഉപയോഗ ശേഷമുള്ള മലിനജലം സോക്ക്പിറ്റിലേക്ക് പമ്പ് ചെയ്ത് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിക്കും. ദേവസ്വം ബോർഡിന്റെ പരിസ്ഥിതി വിഭാഗത്തിനാണ് ഇതിന്റെ ചുമതല.