ശബരിമല: പമ്പയിൽനിന്ന് രാത്രി ഏഴിന് ശബരിമലയിലേക്ക് അവസാനം കയറ്റിവിടുന്ന തീർഥാടകർ നട അടയ്ക്കുന്ന രാത്രി ഒൻപതിനു മുമ്പായി ദർശനത്തിന് എത്തുന്നു എന്ന് സി.സി.ടി.വിയിലൂടെ പോലീസ് ഉറപ്പാക്കും. സന്നിധാനം ദേവസ്വം ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ചേർന്ന ഹൈ ലെവൽ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
സ്പെഷ്യൽ ഓഫീസർ സൗത്ത് സോൺ ട്രാഫിക് എസ്.പി. ബി.കൃഷ്ണകുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
സന്നിധാനത്ത് സേവനം അനുഷ്ടിക്കുന്ന എല്ലാ വകുപ്പുകളിലും ഓരോ കോവിഡ് പ്രോട്ടോക്കോൾ കം ലെയ്സൺ ഓഫീസറെ നിയോഗിച്ചു. അതത് വകുപ്പ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ലെയ്‌സൺ ഓഫീസർ തുടർ നടപടികൾക്ക് നേതൃത്വം നൽകും.
കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സന്നിധാനത്തും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി നടപടി എടുക്കുന്നതിനും കോവിഡ് കോ-ഓർഡിനേഷൻ കമ്മിറ്റിക്ക് അധികാരം നൽകി.ദർശനത്തിനെത്തുന്ന തീർഥാടകർക്ക് ഫ്ളൈഓവറിന് കിഴക്കേ ട്രാക്കിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇരുമുടിക്കെട്ടഴിക്കുന്നതിനുള്ള സൗകര്യം ഒരുക്കും. സോപാനത്ത് ചെന്ന് ഗണപതികോവിലും കഴിഞ്ഞ് മാളികപുറത്തേക്ക് പോകുന്ന വഴി ഫ്ളൈഓവർ കയറുന്ന സമയത്ത് കാണുന്ന രണ്ടു പാതയിൽ കിഴക്കേ വശത്തുള്ള പാതയിലാണ് ഭക്തർക്ക് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇരുമുടിക്കെട്ട് അഴിക്കാനുള്ള താത്കാലിക സൗകര്യം ഒരുക്കുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ കടകളിൽ ഭക്ഷണ പദാർഥങ്ങൾ വിതരണം നടത്താൻ ഡിസ്പോസിബിൾ പ്ലേറ്റും ഗ്ലാസുമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തും.
മരക്കൂട്ടം, ചരൽമേട്, സന്നിധാനം എന്നിവിടങ്ങളിൽ അടിയന്തരഘട്ടങ്ങളിൽ സ്ട്രച്ചർ എടുക്കുന്നതിന് സേവനത്തിലുള്ള അയ്യപ്പസേവാ സംഘം പ്രവർത്തകർക്ക് ആരോഗ്യവകുപ്പ് മാസ്‌ക്, ഗ്ലൗസ് എന്നിവ നൽകും. എക്സിക്യുട്ടീവ് ഓഫീസർ വി.എസ്. രാജേന്ദ്രപ്രസാദ്, ഫെസ്റ്റിവൽ കൺട്രോളർ ബി.എസ്. ശ്രീകുമാർ, എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് പി.വി. സുധീഷ്, മെഡിക്കൽ ഓഫീസർ ഡോ. മൃദുൽ മുരളീകൃഷ്ണൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. അടുത്ത ഹൈ ലെവൽ കമ്മിറ്റി 21-ന് നടക്കും.