കൊച്ചി/മൂവാറ്റുപുഴ: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റുചെയ്ത മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയപേക്ഷയും വിജിലൻസ് കോടതി പരിഗണിക്കാതെ മാറ്റി. കുറ്റാരോപിതൻ ആശുപത്രിയിലായതിനാൽ കസ്റ്റഡിയപേക്ഷ നൽകുമ്പോൾ ശാരീരികാവസ്ഥ സംബന്ധിച്ച് ഡോക്ടർമാരുടെ കൃത്യമായ റിപ്പോർട്ട് ആവശ്യമാണെന്നു നിരീക്ഷിച്ചാണ് ജഡ്ജി ജോബിൻ സെബാസ്റ്റ്യന്റെ നടപടി. പരിശോധനയ്ക്ക് പ്രത്യേക മെഡിക്കൽ ബോർഡ് രൂപവത്കരിക്കണമെന്നും കോടതി നിർദേശിച്ചു.

മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് കിട്ടിയശേഷം ജാമ്യ, കസ്റ്റഡി അപേക്ഷകൾ പരിഗണിക്കും. മെഡിക്കൽ ബോർഡ് രൂപവത്കരിക്കാനുള്ള അനുമതിക്കായി വിജിലൻസ് സംഘം കോടതിയിൽ അപേക്ഷ നൽകി. ഇതിൻമേൽ വെള്ളിയാഴ്ച തീരുമാനമുണ്ടാകും. 23-ന് മെഡിക്കൽ റിപ്പോർട്ട് കോടതിയിൽ നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കോടതി റിമാൻഡ്ചെയ്ത ഇബ്രാഹിംകുഞ്ഞ് ഇപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ്.

മന്ത്രിയെന്ന നിലയിൽ ഉദ്യോഗസ്ഥർ ഹാജരാക്കിയ ഫയലിൽ ഒപ്പിടുകമാത്രമേ ചെയ്തുള്ളൂവെന്നും വിജിലൻസ് ആരോപിക്കുന്നതുപോലുള്ള കുറ്റങ്ങൾ ചെയ്തിട്ടില്ലെന്നുമാണ് ഇബ്രാഹിംകുഞ്ഞ് നൽകിയ ജാമ്യഹർജിയിൽ പറയുന്നത്. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇബ്രാഹിംകുഞ്ഞിനുവേണ്ടി ഹാജരായ അഡ്വ. ബി. രാമൻപിള്ള വാദിച്ചു.

ഇബ്രാഹിംകുഞ്ഞ് അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ ചോദ്യംചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭിക്കൂവെന്നും ചൂണ്ടിക്കാട്ടി വിജിലൻസ് ജാമ്യാപേക്ഷയെ എതിർത്തു. പാലം രൂപകല്പനചെയ്ത നാഗേഷ് കൺസൽട്ടൻസിയുടെ മാനേജിങ് പാർട്ണർ ബി.വി. നാഗേഷിൻറെ അറസ്റ്റോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം ആറായി.

ഇവർ പ്രതികൾ

ഒന്നാം പ്രതി: സുമിത് ഗോയൽ (എം.ഡി., ആർ.ഡി.എസ്. പ്രോജക്ട് ലിമിറ്റഡ്)

രണ്ടാം പ്രതി: എം.ടി. തങ്കച്ചൻ (മുൻ അസി. ജനറൽ മാനേജർ, ആർ.ബി.ഡി.സി.കെ.)

മൂന്നാം പ്രതി: ബെന്നി പോൾ (ജോയന്റ് ജനറൽ മാനേജർ കിറ്റ്‌കോ)

നാലാം പ്രതി: ടി.ഒ. സൂരജ് (പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി)

അഞ്ചാം പ്രതി: വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ. (പൊതുമരാമത്ത് മുൻ മന്ത്രി)

ആറാം പ്രതി: എം.എസ്. ഷാലിമാർ (സീനിയർ കൺസൾട്ടന്റ്, കിറ്റ്‌കോ)

ഏഴാം പ്രതി: നിഷ തങ്കച്ചി (പ്രിൻസിപ്പൽ കൺസൽട്ടന്റ്, കിറ്റ്‌കോ)

എട്ടാം പ്രതി: എച്ച്.എൽ. മഞ്ജുനാഥ് (സീനിയർ കൺസൽട്ടന്റ്, നാഗേഷ് കൺസൽട്ടന്റ്)

ഒമ്പതാം പ്രതി: കെ. സോമരാജൻ (മുൻ സ്പെഷ്യൽ സെക്രട്ടറി, പൊതുമരാമത്ത് വകുപ്പ്)

10-ാം പ്രതി: മുഹമ്മദ് ഹനീഷ് (മുൻ എം.ഡി., ആർ.ബി.ഡി.സി.കെ.)

11-ാം പ്രതി: എ.എച്ച്. ഭാമ (കൺസൽട്ടന്റ് ഗ്രേഡ് ഒന്ന്, കിറ്റ്‌കോ)

12-ാം പ്രതി: ജി. സന്തോഷ് (സീനിയർ കൺസൽട്ടന്റ്, കിറ്റ്‌കോ)

13-ാം പ്രതി: ബി.വി. നാഗേഷ് (മാനേജിങ് പാർട്ണർ, നാഗേഷ് കൺസൽട്ടന്റ്)