കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി രജിസ്റ്റർചെയ്ത കേസിലെ ഏഴാംപ്രതി മലപ്പുറം ഐക്കരപ്പടി സ്വദേശി പി. മുഹമ്മദ് ഷാഫിയുടെ ജാമ്യഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.

എൻ.ഐ.എ. കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. യു.എ.ഇ.യിൽനിന്ന് സ്വർണം കടത്താൻ ഫണ്ട് നൽകിയെന്നാരോപിച്ചാണ് കഴിഞ്ഞ ഓഗസ്റ്റ് നാലിന്‌ ഷാഫിയെ എൻ.ഐ.എ. അറസ്റ്റുചെയ്തത്.

സ്വർണക്കടത്തിലൂടെ പ്രതികൾ സമ്പാദിച്ച പണം ഭീകരപ്രവർത്തനങ്ങൾക്ക് ചെലവഴിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് എൻ.ഐ.എ. കേസെടുത്തതെന്നും ഏഴാം പ്രതിയായ തനിക്കെതിരേ ഇതുവരെ കുറ്റം തെളിയിക്കാൻ പര്യാപ്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ഷാഫിയുടെ ജാമ്യഹർജിയിൽ പറയുന്നു.