കൊച്ചി: ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയവുമായി ബന്ധപ്പെട്ടുള്ള കേരള സർവകലാശാലയുടെ പുതിയ ഉത്തരവിന് മുൻകാല പ്രാബല്യം ഏർപ്പെടുത്തിയത് ഹൈക്കോടതി റദ്ദാക്കി. പുനർമൂല്യനിർണയത്തിൽ നിശ്ചിതശതമാനം മാർക്ക് കൂടുതൽ ലഭിച്ചാൽ രണ്ടുതവണ കൂടി മൂല്യനിർണയം നടത്തി ശരാശരി മാർക്ക് കണക്കാക്കണമെന്ന ഉത്തരവിന് ഏർപ്പെടുത്തിയ മുൻകാല പ്രാബല്യമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ റദ്ദാക്കിയത്. എരുമേലി സ്വദേശി സഫൽ പി. സലിം ഉൾപ്പെടെ ഒരുകൂട്ടം വിദ്യാർഥികൾ നൽകിയ ഹർജികളാണ് പരിഗണിച്ചത്.
ഏപ്രിൽ 28-ലെ സിൻഡിക്കേറ്റ് യോഗ തീരുമാനപ്രകാരം മേയ് 27-നാണ് സർവകലാശാല പുനർമൂല്യനിർണയത്തിനായി പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നത്. ഇതിന് 2019 ജൂൺ 15 മുതൽ മുൻകാല പ്രാബല്യവും നൽകി. ഇതിനെത്തുടർന്ന് ഇക്കാലയളവിൽ പുനർമൂല്യനിർണയത്തിലൂടെ പത്തു ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചവരുടെ മാർക്ക്‌ലിസ്റ്റ് തിരിച്ചുവിളിച്ചു പുനഃപരിശോധിക്കാൻ സർവകലാശാല നടപടി സ്വീകരിച്ചു. ഇതിനെയാണ് ഹർജിക്കാർ ചോദ്യംചെയ്തത്.