തിരുവനന്തപുരം: കൈറ്റ് സി.ഇ.ഒ. അൻവർ സാദത്ത് അടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലൻസിന് കത്തുനൽകി. സർക്കാർ സ്കൂളുകളിൽ ഡിജിറ്റൽ ഉപകരണങ്ങൾ വിതരണംചെയ്യാനുള്ള കരാർ ഉറപ്പിച്ചത് സ്വർണക്കടത്ത് കേസിലെ പ്രതികൾക്കാണെന്ന് വാർത്തകൾ വന്ന സാഹചര്യത്തിലാണിത്. ഐ.ടി. അറ്റ് സ്കൂൾ പദ്ധതിയുടെ ഭാഗമായി വിതരണംചെയ്ത ഉപകരണങ്ങളുടെ ഗുണനിലവാരത്തെപ്പറ്റി വ്യാപക പരാതി ഉയർന്നതായി കത്തിൽ പറയുന്നു.
ഇ-മാലിന്യം എന്ന വിഭാഗത്തിൽ വരുന്ന ഉപകരണങ്ങളാണ് വാങ്ങിക്കൂട്ടിയത്. അതിനനുസൃതമായ സ്പെസിഫിക്കേഷനുകൾ ഉൾപ്പെടുത്തിയാണ് ടെൻഡർ ചെയ്തത്. ഇക്കാര്യം കണ്ടെത്തിയ ആർ.എം.എസ്.എ.യിലെ ഫിനാൻസ് ഓഫീസർ തടസ്സവാദം രേഖപ്പെടുത്തിയെങ്കിലും മുൻ ഐ.ടി. സെക്രട്ടറി എം. ശിവശങ്കർ അധ്യക്ഷനായ സമിതി അത് മറികടന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ ഉപകരണങ്ങൾ വിതരണംചെയ്ത കമ്പനികൾ പലരുടെയും ബിനാമിയാണെന്ന് ആക്ഷേപമുണ്ട്.
കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത്തരം ക്രമക്കേടുകൾക്കു നിർവാഹമില്ല. കൈറ്റ് കഴിഞ്ഞ നാലുവർഷം നടത്തിയ ഡിജിറ്റൽ ഉപകരണങ്ങളുടെയും കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങളുടെയും ഗുണനിലവാരം സംബന്ധിച്ച് വിശദപരിശോധന നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.