: ലൈംഗിക കുറ്റകൃത്യങ്ങൾക്കുള്ള വധശിക്ഷയുടെ അനുപാതം രാജ്യത്ത് വർധിക്കുന്നു. 2019-ൽ വധശിക്ഷയ്ക് വിധിച്ച 102 കേസുകളിൽ 54-ലും ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ടത്. ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട കൊലപാതകങ്ങൾക്ക് 2018-ൽ ഇന്ത്യയിൽ വിവിധ കോടതികൾ നൽകിയ വധശിക്ഷകളുടെ എണ്ണം മുൻവർഷത്തെക്കാൾ 35 ശതമാനം ഉയർന്നു.

ബലാത്സംഗകൊലപാതകത്തിന് വധശിക്ഷ വിധിച്ചതിൽ നാലുവർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്ക് 2018-ലാണ്. 2018-ൽ ബലാത്സംഗ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ 58 എണ്ണത്തിനാണ് വധശിക്ഷ വിധിച്ചതെന്നാണ് ഡൽഹിയിലെ നാഷണൽ ലോ യൂണിവേഴ്സിറ്റി (എൻ.എൽ.യു) റിപ്പോർട്ട് വെളിപ്പെടുത്തുന്നു

52.94 ശതമാനം ഉയർന്നു

വിവിധ കുറ്റകൃത്യങ്ങൾക്ക് 2018-ൽ 162 വധശിക്ഷകളാണ് വിധിച്ചതെങ്കിൽ 2019-ൽ 102 ആയി കുറഞ്ഞു. ഇതിൽ ലൈംഗികകുറ്റകൃത്യങ്ങളുടെ ശതമാനം 2018-ൽ 41.35 (162-ൽ 67)ശതമാനത്തിൽനിന്ന് 2019-ൽ 52.94 ആയി ഉയർന്നു.

പോക്സോ ആക്ട് ഭേദഗതി

കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽനിന്ന് സംരക്ഷിക്കാൻ 2012 ജൂൺ 19-നാണ് പോക്സോ നിലവിൽവന്നത്. അതുവരെ മുതിർന്നവർക്കുനേരെ നടക്കുന്ന അതിക്രമങ്ങൾക്കുള്ള െഎ.പി.സി. വകുപ്പുകളാണ് കുട്ടികളെ പീഡിപ്പിക്കുന്നവർക്കെതിരേയും ചുമത്തിയിരുന്നത്. കശ്മീരിലെ കത്വയിൽ എട്ടുവയസ്സുകാരുടെയുടെ കൊലപാതകത്തെത്തുടർന്ന് 2018 ഏപ്രിലിൽ പോക്സോ ഉടച്ചുവാർക്കുന്നതിനുള്ള ഒാർഡിനൻസ് കേന്ദ്രം ഇറക്കി. കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ ലഭിക്കുന്നതരത്തിൽ പോക്‌സോ നിയമഭേദഗതി ലോക്‌സഭ പാസാക്കിയതോടെയാണ് ഇത്തരം കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ ലഭിച്ചുതുടങ്ങിയത്.

ലൈംഗികാതിക്രമ കൊലകൾക്ക് വധശിക്ഷ വിധിച്ചത്

2016 27

2017 43

2018 58

2019 54